Chennai Flood | മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ദുരിതം മാറാതെ ചെന്നൈ

Web Desk   | Asianet News
Published : Nov 13, 2021, 07:27 AM ISTUpdated : Nov 13, 2021, 07:33 AM IST
Chennai Flood | മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ദുരിതം മാറാതെ ചെന്നൈ

Synopsis

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങി.  2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്.  പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. 

ചെന്നൈ: മഴയ്ക്ക് (Chennai Rain) ശമനമായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് ദുരിതം (Chennai Flood) തുടരുകയാണ്. ചെന്നൈ നഗരത്തിലും നഗരത്തിന് പുറത്തെ മുടിച്ചൂർ, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വലിയ വെള്ളക്കെട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ വെള്ളക്കെട്ട് (Waterlogging in Chennai ) പൂർണമായും ഒഴിവാക്കുമെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു. സെൻട്രൽ ചെന്നൈ ( Chennai )അടക്കം 534 മേഖലകൾ കനത്ത വെള്ളക്കെട്ടിലായിരുന്നു. 204 ഇടങ്ങളിലെ വെള്ളം പൂർണമായി വറ്റിച്ചെങ്കിലും 330 മേഖലകൾ ഇപ്പോഴും വെള്ളത്തിലാണ്.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങി.  2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്.  പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. നീലഗിരി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. 

വെള്ളക്കെട്ട് ഒഴിവാക്കാന്‍ പലയിടത്തും മോട്ടോറുകള്‍ രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇന്നലെ വൈകീട്ട് മഴ മാറിയതുമുതല്‍ 570 മോട്ടറുകളാണ് വെള്ളം ഒഴുക്കിവിടാനായി പ്രവര്‍ത്തിക്കുന്നത്. വാണിജ്യകേന്ദ്രങ്ങളായ ടി.നഗര്‍ ഒ.എം.ആര്‍. ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്. പ്രധാനപ്പെട്ട സബ് വേകളെങ്കിലും വേഗത്തില്‍ തുറക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ കോര്‍പ്പറേഷന്‍. ചെന്നൈയിലെ 22 അടിപ്പാതകളിൽ 17 ലും ഗതാഗതം പുനഃസ്ഥാപിച്ചു. 23 റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ റോഡ് ഗതാഗതം ഭാഗികമാണ്.വിമാന സർവീസുകൾ, ദീർഘ ദൂര –സബേർബൻ –മെട്രോ ട്രെയിനുകൾ എന്നിവ തടസ്സപ്പെട്ടില്ല. 

അതിനിടെ, കഴിഞ്ഞദിവസം മരം വീണു ബോധരഹിതനായതിനെ തുടർന്നു വനിതാ പൊലീസ് ഇൻസ്പെക്ടർ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ഉദയകുമാർ (23) ചികിത്സയ്ക്കിടെ മരിച്ചു. ഇതുൾപ്പെടെ മഴമരണം 17 ആയി. 

വെള്ളം കയറിയ കെ.കെ നഗറിലെ ഇഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ക്രോംപേട്ടിലെ ആശുപത്രിയിലെയും ടി.ബി ആശുപത്രിയിലെയും രോഗികളെ ഇന്നലെ വൈകീട്ടോടെ ഒഴിപ്പിച്ചു. ശുചീകരണം പൂര്‍ത്തിയാക്കിതിനുശേഷമെ ആശുപത്രികള്‍ തുറക്കൂ. 

അതേ സമയം ആന്ധ്രയുടെ തീരമേഖലയിൽ കനത്ത മഴ തുടരുന്നു. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്