Punjab Election | പഞ്ചാബില്‍ അഭിപ്രായ സര്‍വേ: ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചനം

By Web TeamFirst Published Nov 13, 2021, 6:26 AM IST
Highlights

47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബില്‍ ഉള്ളത്. 

ചണ്ഡിഗഡ്: പഞ്ചാബില്‍  (Punjab) ആംആദ്മി പാര്‍ട്ടി (AAP) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പ്രവചനം. എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഈ കാര്യം പറയുന്നത്. 2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് (Punjab Election 2022) നടക്കുന്നത്. നവംബര്‍ ആദ്യമാണ് സര്‍വേ സംഘടിപ്പിച്ചത് (ABP C-Voter Survey for Punjab Election 2022). 2017നെ അപേക്ഷിച്ച് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ വോട്ട് വിഹിതവും, സീറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും എന്നാണ് സര്‍വേ പറയുന്നത്.

47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബില്‍ ഉള്ളത്. രണ്ടാമത് ഭരണകക്ഷിയായ കോണ്‍ഗ്രസ് എത്തുമെന്ന് സര്‍വേ പറയുന്നു, 42 മുതല്‍ 50 സീറ്റുവരെയാണ് പ്രവചനം. മൂന്നാമത് ശിരോമണി അകാലിദള്‍ ആണ് ഇവര്‍ക്ക് 16 മുതല്‍ 24 സീറ്റുവരെ പ്രവചിക്കപ്പെടുന്നു. 

അതേ സമയം സമീപകാലത്ത് ഏറ്റവും മോശം പ്രകടനമായിരിക്കും പഞ്ചാബില്‍ ബിജെപിക്ക് സംഭവിക്കുക എന്നാണ് സര്‍വേ നല്‍കുന്ന സൂചന. പരമാവധി ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിച്ചേക്കുമെന്നാണ് സര്‍വേ പറയുന്നത്. ശിരോമണി അകാലിദളുമായി പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന സഖ്യം തകര്‍ന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ സര്‍വേ പറയുന്നത്. 

2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 23.7 ശതമാനം ആയിരുന്നു ആംആദ്മിയുടെ വോട്ട് വിഹിതമെങ്കില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അത് 36.5 ആയി വര്‍ധിക്കുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന്‍റെ വോട്ട് ശതമാനം 34.9 ശതമാനമായി കുറയും. സെപ്തംബര്‍ ഒക്ടോബര്‍‍ മാസങ്ങളില്‍ നത്തിയ സര്‍വേകളിലും ആംആദ്മി പാര്‍ട്ടിക്ക് തന്നെയാണ് പഞ്ചാബില്‍ മുന്‍തൂക്കം എന്നാണ് സര്‍വേ ഫലം വന്നത്.

click me!