ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം: ഇനി പ്രതീക്ഷ കോടതിയില്‍ മാത്രമെന്ന് കുടുംബം

By Web TeamFirst Published Sep 26, 2019, 11:47 AM IST
Highlights
  • ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ നടപടിയെടുക്കാതെ പൊലീസ്
  • കോടതിയില്‍ മാത്രമാണ ്അവസാന പ്രതീക്ഷയെന്ന് യുവതിയുടെ കുടുംബം
  • കേസില്‍ പ്രതികളായ അണ്ണാഡിഎംകെ നേതാക്കള്‍ ഒളിവില്‍

ചെന്നൈ: ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് മടിക്കുകയാണ്. ഫ്ലക്സ് സ്ഥാപിച്ച അണ്ണാഡിഎംകെ നേതാക്കള്‍ ഒളിവില്‍ പോയി. കോടതിയില്‍ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ എന്ന് അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബം വ്യക്തമാക്കി. അപകടം നടന്ന് 13 ദിവസം പിന്നിട്ടു. ഫ്ലക്സ് സ്ഥാപിച്ച അണ്ണാഡിഎംകെ നേതാവ് ജയഗോപാലും കുടുംബവും ചെന്നൈയിലെ വീട്ടില്‍ നിന്ന് മാറി. 

ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് പൊലീസ് നിലപാട്. ജയഗോപാലിന്‍റെ സഹായികളായ മറ്റ് അണ്ണാഡിഎംകെ നേതാക്കളെയും കാണാനില്ല. ജയഗോപാലിന്‍റെ മകന്‍റെ വിവാഹ പരസ്യബോര്‍ഡ് വീണാണ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവ എഞ്ചിനീയര്‍ ശുഭശ്രീ, പിന്നാലെ വന്ന ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്. ലോറി ഡ്രൈവറെയും ഫ്ലക്സ് പ്രിന്‍റ് ചെയ്ത കടയുടമേയയും മാത്രമാണ് പിടികൂടിയത്.

പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ നേതാക്കള്‍ക്ക് എതിരെ ലൂക്കൗട്ട് നോട്ടീസ് പോലും പൊലീസ് ഇറക്കിയിട്ടില്ല. കേസ് സിബിസിഐഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിലേക്ക് കടക്കാനാണ് ഡിഎംകെ തീരുമാനം. 

click me!