എന്‍ഐഎ നിയമം ഭരണഘടനാ വിരുദ്ധം; ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By Web TeamFirst Published Jan 15, 2020, 2:25 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. 
 

ദില്ലി: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ നിയമത്തിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എന്‍ഐഎ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാറുകളുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്‍ഐഎ നിയമമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ബുധനാഴ്ച നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക്  ഭരണഘടനഎന്‍ട്രി 2, ലിസ്റ്റ് 2, ഷെഡ്യൂള്‍ 7 പ്രകാരം നല്‍കുന്ന അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് നിയമമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അന്വേഷണങ്ങള്‍ക്കുള്ള അധികാരം സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ നിയമം അനുവാദം നല്‍കുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കൂടിയാലോചനകള്‍ക്ക് നിയമത്തില്‍ സ്ഥാനമില്ല. നിയമം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഭരണഘടനയിലെ 131ാം വകുപ്പ് പ്രകാരമാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 

രാജ്യത്തിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്ന നിയമം 2008ല്‍ യുപിഎ സര്‍ക്കാറാണ് കൊണ്ടുവന്നത്. 2019ല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി. 2008ലെ നിയമപ്രകാരം വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍, 2019ലെ ഭേദഗതി പ്രകാരം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാം. സംസ്ഥാന പൊലീസ് ചുമത്തുന്ന യുഎപിഎ കേസുകളില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ തന്നെ എന്‍ഐഎക്ക് കേസ് എടുക്കാം. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

click me!