
ദില്ലി: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക സമിതി രൂപീകരിക്കും. പരിശോധിച്ച് പതിനഞ്ചിന് തന്നെ ഇലകട്റല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. 2024 ഫെബ്രുവരി 15 വരെയുള്ള ബോണ്ടുകളുടെ വിവരം കൈമാറിയതായി എസ്ബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെയാണ് എസ്ബിഐ ഇന്നലെ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഡിജിറ്റലായാണ് ബോണ്ടിന്‍റെ വിവരങ്ങള്‍ എസ്ബിഐ നല്‍കിയിരിക്കുന്നത്. ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നതടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. താന്‍ ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം വിവരങ്ങള്‍ പരിശോധിച്ച് പതിനഞ്ചിന് തന്നെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജമ്മുകശ്മീരില്‍ പറഞ്ഞു.
ഇലക്ട്രറൽ ബോണ്ട് കേസിൽ നിർദ്ദേശപ്രകാരം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് വ്യക്തമാക്കി എസ്ബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഈ വർഷം ഫെബ്രുവരി 15 വരെയുള്ള ബോണ്ടുകളുടെ വിവരമാണ് കൈമാറിയത്. 22,217 ബോണ്ടുകൾ ആകെ വിറ്റു. ഇതിൽ 22030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചുവെന്നും എസ്ബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബോണ്ടും വാങ്ങിയവരുടെ വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ച ബോണ്ടുകളുടെ വിശദാംശങ്ങളും സമർപ്പിച്ചുണ്ടെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. ഇതിനിടെ ഇലക്ട്രല്‍ ബോണ്ട് വിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രപതിക്ക് കത്തയച്ച സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റിനെ സംഘടന തന്നെ തള്ളിപ്പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam