രാജസ്ഥാനിൽ 23കാരിയായ സന്ന്യാസിനി സ്വാധി പ്രേം ബൈസ കുത്തിവെപ്പിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരണത്തിന് നാല് മണിക്കൂറിന് ശേഷം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ദുരൂഹത വർദ്ധിപ്പിച്ചു.
ജയ്പൂർ: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അടക്കം ചെയ്തു. രാഷ്ട്രീയ നേതാക്കളടക്കം മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി സാധ്വി പ്രേം ബൈസയ്ക്ക് സുഖമില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച, ആശ്രമത്തിലേക്ക് എത്തിയ ഒരാളിൽ നിന്ന് അവർക്ക് കുത്തിവയ്പ്പ് ലഭിച്ചതായി റിപ്പോർട്ടുണ്ട്. താമസിയാതെ, അവരുടെ നില വഷളായി.
ആരോഗ്യം മോശമായതിനെ തുടർന്ന് കുടുംബം അവരെ പാൽ റോഡിലെ പ്രേക്ഷ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. മരണവാർത്ത അവരുടെ അനുയായികളിൽ ഞെട്ടലുണ്ടാക്കി. ആയിരക്കണക്കിന് അനുയായികൾ ആശ്രമത്തിൽ തടിച്ചുകൂടി. മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ആശുപത്രി ഡയറക്ടർ ഡോ. പ്രവീൺ ജെയിൻ പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് ശാസ്ത്രി നഗർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും മൃതദേഹം എംഡിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബത്തോട് നിർദ്ദേശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അങ്ങനെ ചെയ്യുന്നതിനുപകരം, കുടുംബം മൃതദേഹം ബൊറാനഡയിലെ അവരുടെ ആശ്രമത്തിലേക്ക് കൊണ്ടുപോയി. വിവരം ലഭിച്ചതിനെത്തുടർന്ന് ബൊറാനഡ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഹേംരാജ് ആശ്രമത്തിലെത്തി സാധ്വി പ്രേം ബൈസയുടെ മുറി സീൽ ചെയ്തു. പിന്നീട്, രാത്രി വൈകി, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഡിഎം ആശുപത്രിയിലേക്ക് അയച്ചു.
മരണത്തിന് ഏകദേശം നാല് മണിക്കൂറിന് ശേഷം, രാത്രി 9.30 ഓടെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആത്മഹത്യാക്കുറിപ്പ് പോലെയുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ദുരൂഹത വർധിച്ചത്. പോസ്റ്റിൽ "അഗ്നി പരീക്ഷ", "വിട", "നീതി" എന്നിങ്ങനെയായിരുന്നു പരാമർശം.
സനാതന ധർമ്മത്തിന്റെ പ്രചാരണത്തിനായി ഞാൻ ഓരോ നിമിഷവും ജീവിച്ചു... എന്റെ ജീവിതത്തിലുടനീളം, ലോകത്തിലെ യോഗ ഗുരുക്കന്മാരായ ആദി ജഗദ്ഗുരു ശങ്കരാചാര്യരുടെയും ആദരണീയരായ സന്യാസിമാരുടെയും അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചു. അഗ്നിപരീക്ഷ ആവശ്യപ്പെട്ട് ഞാൻ ആദി ഗുരു ശങ്കരാചാര്യർക്കും രാജ്യത്തെ നിരവധി മഹാന്മാമാർക്കും കത്തുകൾ എഴുതി, പക്ഷേ പ്രകൃതി എന്താണ് കരുതിവച്ചിരിക്കുന്നത്- എന്നായിരുന്നു കുറിപ്പ്. ഞാൻ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറയുകയാണ്, പക്ഷേ എനിക്ക് ദൈവത്തിലും ബഹുമാന്യരായ സന്യാസിമാരിലും ഋഷിമാരിലും പൂർണ്ണ വിശ്വാസമുണ്ട്. എന്റെ ജീവിതത്തിലല്ലെങ്കിൽ, എന്റെ മരണശേഷം, എനിക്ക് തീർച്ചയായും നീതി ലഭിക്കുമെന്നും പറയുന്നു.
ആര്‍ക്കൊക്കെയാണ് അവളുടെ അക്കൗണ്ടിലേക്ക് ആക്‌സസ് ഉണ്ടായിരുന്നതെന്നും, പോസ്റ്റ് ഷെഡ്യൂൾ ചെയ്തതാണോ അതോ മറ്റാരെങ്കിലും അപ്‌ലോഡ് ചെയ്തതാണോ എന്നും പോലീസ് ഇപ്പോൾ അന്വേഷിച്ചുവരികയാണ്. കുടുംബത്തിന്റെ നടപടികളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പൊലീസിൽ പരാതി നൽകാനോ പോസ്റ്റ്‌മോർട്ടത്തിന് സമ്മതിക്കാനോ അവളുടെ പിതാവ് തുടക്കത്തിൽ മടിച്ചതും അന്വേഷിക്കുന്നു. അലർജികൾ, ആർത്രൈറ്റിസ്, ആസ്ത്മ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രധാനമായും നിർദ്ദേശിക്കുന്ന ഡെക്സോണ കുത്തിവെപ്പാണ് എടുത്തതെന്നും ഇത് അപകടമല്ലെന്നും പറയുന്നു.
ആശുപത്രിയുടെ ആംബുലൻസ് വാഗ്ദാനം അദ്ദേഹം നിരസിച്ചു. പകരം മൃതദേഹം സ്വന്തം വാഹനത്തിൽ ആശ്രമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. കുത്തിവയ്പ്പ് നൽകിയ വ്യക്തിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. മുൻ സ്റ്റാഫ് അംഗങ്ങൾക്കെതിരെ ബ്ലാക്ക് മെയിൽ, മാനനഷ്ടം എന്നീ കുറ്റങ്ങൾ ആരോപിച്ച് സാധ്വി മുമ്പ് പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മുതൽ സാധ്വി തന്റെ ഗുരുവിനെ ആലിംഗനം ചെയ്യുന്ന വിവാദ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് സമ്മർദ്ദത്തിലായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ആ സമയത്ത്, തന്റെ നിരപരാധിത്വം തെളിയിക്കാൻ ഏത് അഗ്നി പരീക്ഷക്കും വിധേയയാകാൻ തയ്യാറാണെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
