
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജനവിധി അട്ടിമറിക്കാൻ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിംഗ് മെഷീനിൽ തിരിമറിക്ക് ശ്രമിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അർദ്ധരാത്രിവരെആ കൊൽക്കത്തയിലെ സ്ട്രോങ് റൂമുകൾക്ക് മുന്നിൽ മമതയുടെ നേതൃത്വത്തിൽ ടിഎംസി നേതാക്കൾ പ്രതിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. തോൽവി ഉറപ്പിച്ച തൃണമൂൽ ഭീകരാവസ്ഥയുണ്ടാക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
എക്സിററ്പോൾ പ്രവചനങ്ങൾക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ നാടകീയ കാഴ്ചകൾ. ഇന്നലെ രാത്രി വടക്കൻ കൊൽക്കത്തയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിൽ ചട്ടം ലംഘിച്ച് ബിജെപിക്കാർ കയറി ബാലറ്റ്ബോക്സുകൾ തുറക്കാൻ ശ്രമിച്ചെന്നാണ് ടിഎംസി ആരോപണം. തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. പിന്നാലെ പുറത്ത് ടിഎംസി മന്ത്രിമാരടക്കം പ്രതിഷേധം തുടങ്ങി. ബിജെപി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ വാക്കേറ്റമായി. സ്ട്രോങ് റൂമിലെത്തിയ മമത ബാനർജിയെ കേന്ദ്രസേന തടഞ്ഞു. ഇതിനു ശേഷം സ്വന്തം മണ്ഡലമായ ഭവാനിപൂരിലെ കൗണ്ടിംഗ് സെന്ററിലേക്ക് പോയ മമത അവിടെ അർദ്ധരാത്രിവരെ തുടർന്നു.
വേണ്ടത്ര സിസിടിവി ക്യാമറകൾ പോലുമില്ലാത്ത സ്ട്രോങ് റൂമിൽ അത് സ്ഥാപിക്കുംവരെ മമത അവിടെ ഇരുന്നെന്ന് ടിഎംസി നേതാക്കൾ പറഞ്ഞു. പുലർച്ചെ 1 മണിക്ക് മാധ്യമങ്ങളെ കണ്ട മമത തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെ ബിജെപി ജനാധിപത്യം കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചു. എല്ലാ സ്ട്രോങ് റൂമുകൾക്കും കാവൽനിൽക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
മമത ബാനർജി ഭവാനിപൂരിലെ സ്ട്രോങ് റൂമിൽ നിന്നും എന്തോ കടത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ തൃണമൂലിന്റെ വാഹനങ്ങൾ തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. കേന്ദ്രസേനയടക്കം സ്ഥലത്തെത്തി സ്ട്രോങ് റൂമുകൾക്ക് സുരക്ഷ കൂട്ടി. അർദ്ധരാത്രി വാർത്താ സമ്മേളനം വിളിച്ച് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിഎംസിയുടെ ആരോപണങ്ങൾ തള്ളി. എല്ലാവരെയും മുൻകൂട്ടി അറിയിച്ച് പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന നടപടിയാണ് നടന്നതെന്നും, ഇവിഎം സൂക്ഷിച്ച മുറിയിൽ ആരും കയറിയിട്ടില്ലെന്നും മനോജ് കുമാർ അഗർവാൾ പറഞ്ഞു.
താൻ സ്ഥാനാർത്ഥിയല്ലാത്ത മണ്ഡലങ്ങളിലെ സ്ട്രോങ് റൂമിൽ മമത ബാനർജി എത്തിയത് ചട്ടവിരുദ്ധമാണെന്നും നടപടിയെടുക്കുന്നത് പരിഗണനയിലുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എക്സിറ്റ് പോൾ പ്രവചനങ്ങൾ വന്നതിന് പിന്നാലെ തോൽവി ഉറപ്പിച്ച മമത നാടകം കളിക്കുകയാണെന്നാണ് ബിജെപി വിമർശനം. പഴയതുപോലെ ടിഎംസിയുടെ കളികൾ ബംഗാളിൽ നടക്കാത്തതിന്റെ നിരാശയിലാണ് മമതയെന്ന് സ്ട്രോങ്റൂമിന് പുറത്ത് കാത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പരിഹസിച്ചു. നാളെ കൊൽക്കത്തയിൽ തുടർ നടപടികൾ ചർച്ച ചെയ്യാന് ബിജെപി നേതൃ യോഗം ചേരും. എക്സിറ്റ്പോൾ പ്രവചനങ്ങൾ ബിജെപി ഗൂഢാലോചനയെന്ന് പരസ്യമായി പറയുമ്പോഴും അട്ടിമറി സാധ്യത ടിഎംസി ഭയക്കുന്നുണ്ട്. തോൽവി ഉറപ്പിച്ച തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കള്ളപ്രചാരണം നടത്തി ഇരവാദം ഉയർത്തുകയാണെന്നാണ് ബിജെപിയുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam