20 ദിവസം മുൻപ് തന്നെ അച്ഛന്റെ അവസ്ഥ മോശമാണെന്ന് പെൺമക്കളെ വയോജന കേന്ദ്രം ജീവനക്കാർ അറിയിച്ചിരുന്നു. എങ്കിലും മക്കൾ ഒരു നോക്ക് തിരിഞ്ഞ് നോക്കിയില്ല
സോനിപ്പത്ത്: വൃദ്ധ സദനത്തിൽ വച്ച് മരിച്ച പിതാവിന്റെ കർമ്മങ്ങൾ ചെയ്യാൻ പോലും തയ്യാറാകാതെ മക്കൾ. വീഡിയോ കോളിലൂടെ ചടങ്ങുകൾ ലൈവായി കണ്ട മക്കൾ അന്ത്യ കർമ്മങ്ങൾ ചെയ്യാനായി 5100 രൂപ അയച്ച് നൽകുകയായിരുന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങളേക്കുറിച്ചും പ്രായമായവർ നേരിടുന്ന അതിഭീകരമായ ഒറ്റപ്പെടലിനേക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. മുംബൈ സ്വദേശിയായ ശിവ്ചരൺ റാം റതൻ ഗുപ്ത എന്ന ടെക്സ്റ്റൈൽ വ്യാപാരിയുടെ സംസ്കാര ചടങ്ങിലാണ് മക്കൾ വീഡിയോ കോളിലൂടെ പങ്കെടുത്തത്.
സോനിപത്തിലെ വെസ്റ്റ് റാം നഗറിൽ സമാജ് കല്യാൺ ശിക്ഷാ സമിതി എന്ന സംഘടന നടത്തുന്ന വൃദ്ധ സദനത്തിലായിരുന്നു ശിവ്ചരൺ റാം റതൻ ഗുപ്ത തങ്ങിയിരുന്നത്. ഭാര്യ മീനയ്ക്കൊപ്പം ഒന്നര വർഷം മുൻപാണ് ശിവ്ചരൺ റാം റതൻ ഗുപ്ത ഇവിടേക്ക് എത്തിയത്. മീന നേരത്തെ മരണപ്പെട്ടിരുന്നു. മുംബൈയിലും ഉത്തർ പ്രദേശിലും നേപ്പാളിലുമാണ് ഇവരുടെ മക്കൾ കഴിയുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് ശിവ്ചരൺ റാം റതൻ ഗുപ്ത മരണപ്പെടുന്നത്. പിന്നാലെ ശിവ്ചരൺ റാം റതൻ ഗുപ്തയുടെ മൂന്ന് പെൺമക്കളേയും വൃദ്ധസദനത്തിന്റെ നടത്തിപ്പുകാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ സോനിപ്പത്തിലേക്ക് എത്താനാകില്ലെന്നായിരുന്നു മക്കൾ വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് സംസ്കാര ചടങ്ങുകൾ വീഡിയോ കോളിലൂടെ പെൺമക്കൾ കണ്ടത്.
ശിവ്ചരൺ റാം റതൻ ഗുപ്ത രോഗബാധിതനായതിന് ശേഷം പെൺമക്കൾ ഫോൺ വിളിച്ചിരുന്നില്ലെന്നാണ് വൃദ്ധസദനം ജീവനക്കാർ വിശദമാക്കുന്നത്. 20 ദിവസത്തിന് മുൻപ് തന്നെ ശിവ്ചരൺ റാം റതൻ ഗുപ്തയുടെ അവസ്ഥ വളരെ മോശമാണെന്ന് മൂന്ന് പുത്രിമാരേയും അറിയിച്ചിരുന്നുവെന്നും വൃദ്ധസദനം ജീവനക്കാർ വിശദമാക്കി. നേപ്പാളിൽ അധ്യാപികയായി ജോലി നോക്കുന്ന മകളാണ് 5100 രൂപ സംസ്കാര ചടങ്ങുകൾക്കായി അയച്ച് നൽകിയത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ചടങ്ങുകളുടെ വീഡിയോ അയച്ച് നൽകണമെന്നും ശിവ്ചരൺ റാം റതൻ ഗുപ്തയുടെ മക്കൾ ആവശ്യപ്പെട്ടിരുന്നതായാണ് വൃദ്ധ സദനത്തിന്റെ നടത്തിപ്പുകാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്


