ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമാനിക്കൊപ്പം അഭിഭാഷകര്‍: കോടതി ബഹിഷ്കരിച്ച് പ്രതിഷേധം

By Web TeamFirst Published Sep 10, 2019, 9:27 PM IST
Highlights

കൊളീജിയം തീരുമാനത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിച്ചു.

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹില്‍രമാനിയെ മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം തുടരുന്നു. കൊളീജിയം തീരുമാനത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചു. ഇന്നും ജോലിയില്‍ നിന്ന് വിട്ട് നിന്ന ചീഫ് ജസ്റ്റിസ് താഹില്‍രമാനി ഔദ്യോഗിക വസതി ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ആഹ്വാനവുമായാണ് തമിഴ്നാട്ടിലുടനീളം അഭിഭാഷകർ പ്രതിഷേധിച്ചത്. കോടതി നടപടികൾ ബഹിഷ്കരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയുടെ കവാടം അഭിഭാഷകർ ഉപരോധിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് മദ്രാസ് ഹൈക്കോടതി അഭിഭാഷകർ കത്ത് നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് താഹില്‍രമാനിയുടെ രാജി രാഷ്ട്രപതിയും കേന്ദ്രവും അംഗീകരിക്കരുതെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.

രാജി പിൻവലിക്കണമെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ വസതിയിലെത്തി ആവശ്യപ്പെട്ടങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്. ഇന്നും കോടതി നടപടികളിൽ നിന്ന് വിട്ട് നിന്ന ചീഫ് ജസ്റ്റിസ് താഹിൽരമാനി, ചെന്നൈയിലെ ഔദ്യോഗിക വസതി ഒഴിയാനുള്ള സന്നദ്ധതയും അറിയിച്ചു.

click me!