Ludhiana Blast : പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി, ഭീകരസംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍

By Web TeamFirst Published Dec 24, 2021, 1:25 PM IST
Highlights

അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മൃതദേഹം ചിതറിപോയ സാഹചര്യത്തിലാണ് തീരുമാനം. ഇയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ലുധിയാന: പഞ്ചാബിലെ ലുധിയാന സ്ഫോടനത്തെക്കുറിച്ച് (Ludhiana Blast) വ്യത്യസ്ത സൂചനകളുമായി മുഖ്യമന്ത്രിയും അന്വേഷണ ഏജൻസികളും. സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പറഞ്ഞു. എന്നാൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന് അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചു. സംഭവസ്ഥലം കേന്ദ്രമന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശിക്കും. പരിക്കേറ്റവരെയും മന്ത്രിമാരായ കിരൺ റിജ്ജു, സോം പ്രകാശ് എന്നിവർ കാണും.

ലുധിയാന സ്ഫോടനത്തിന് പിന്നാലെ എൻഐഎ, എന്‍എസ്ജി സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. മാരക സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ഇന്ന് തയ്യാറാവും. സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ചുപേരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മൃതദേഹം ചിതറിപോയ സാഹചര്യത്തിലാണ് തീരുമാനം. ഇയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാൻ ഭീകര സംഘടനയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അന്വേഷണ ഏജൻസികളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകള്‍. ഇക്കാര്യം സംസ്ഥാന പൊലീസ് സ്ഥീരീകരിച്ചിട്ടില്ല. ഇതിനിടെയാണ് സ്ഫോടനത്തിന് പിന്നിൽ ലഹരി മാഫിയയാണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പറഞ്ഞത്. ഇന്നലെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിനെ അസ്ഥിരമാക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ സർക്കാർ സുരക്ഷ ഒരുക്കുന്നതിൽ പരാജയമാണെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

click me!