
ദില്ലി: ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം. ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാൻ ഷി ജിൻപിങ് ആലോചിക്കുന്നു എന്നാണ് സൂചന. ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിൻറെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം തുടരുന്നത്. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈന തർക്കം മുറുകിയിരുന്നു.
ബ്രിക്സ് ഉച്ചകോടിക്കിടെ അതിർത്തിയിലെ പിൻമാറ്റത്തിന് ധാരണയുണ്ടായെങ്കിലും ഇതും നടപ്പായിട്ടില്ല. റഷ്യൻ പ്രസിഡൻറും എത്താത്ത സാഹചര്യത്തിൽ ദില്ലിയിൽ അമേരിക്കൻ മേധാവിത്വം പ്രകടമാകും എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. ഇതെല്ലാം ഷി ജിൻപിങ് ഉച്ചകോടിയിൽ നിന്ന് വിട്ടുനില്ക്കാനുള്ള സാധ്യത കൂട്ടുകയാണ്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് പകരം പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യ, മെക്സിക്കോ, ഒമാൻ എന്നിവ ഒഴികെ എല്ലാ രാജ്യങ്ങളുടെയും തലവൻമാർ തന്നെ ഉച്ചകോടിക്കെത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷി ജിൻപിങും വിട്ടു നിന്നാൽ ഉച്ചകോടി വൻ സംഭവമാക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ രാഹുൽ ഗാന്ധി സമ്മർദ്ദം ശക്തമാക്കുന്നുണ്ടെങ്കിലും തല്ക്കാലം സംയമനം പാലിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ജി20 ഉച്ചകോടി വരെ വിവാദങ്ങൾ ഒഴിവാക്കാനാണ് ധാരണ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam