ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്, കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി

Published : Nov 19, 2025, 04:03 PM IST
chinnaswamy stadium tragedy

Synopsis

കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

ബെം​ഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

കാത്തിരിപ്പിനൊടുവിൽ വലിയ വിജയം. പിന്നാലെ മതിമറന്ന് ആഘോഷം. ഒടുവിൽ 11 പേരുടെ ദാരുണാന്ത്യം. ഐപിഎൽ കിരീടധാരണത്തിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കപ്പെട്ട വിജയാഘോഷത്തിനിടയിലുണ്ടായ ദുരന്തത്തിൽ ആർസിബിയെ മുഖ്യ പ്രതിസ്ഥാനത്ത് നിർത്തുകയാണ് സിഐഡി. നേരത്തെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഉൾപ്പെടെ കണ്ടെത്തലുകൾ ശരിവച്ചു കൊണ്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷനെയും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയെയും കൂട്ടുത്തരവാദികളാക്കുന്നുണ്ട് കുറ്റപത്രത്തിൽ. അന്വേഷണം പൂർത്തിയാക്കി തയ്യാറാക്കിയ 2200 പേജുള്ള കുറ്റപത്രത്തിൽ വീഴ്ചകൾ അക്കമിട്ട് നിരത്തുകയാണ് കർണാടക സിഐഡി.

ആസൂത്രണത്തിലെ പാളിച്ച മുതൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച പരസ്പര വിരുദ്ധമായ വിവരങ്ങൾ വരെ നീളുന്നൂ ഈ പട്ടിക. ഇത്ര വലിയ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല എന്നതാണ് പ്രധാന കണ്ടെത്തൽ. യഥാസമയം പൊലീസിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായി. നൂറുകണക്കിന് ദൃക്സാക്ഷികളുടെയും പരിക്കേറ്റവരുടെ ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികളും സിസിടിവി ദൃശ്യങ്ങളും തെളിവായി ഉൾപ്പെടുത്തിയാണ് സിഐഡി വിഭാഗം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം