
ബെംഗളൂരു: യക്ഷഗാന കലാകാരന്മാരിൽ പലരും സ്വവർഗാനുരാഗികളാണെന്ന വിവാദ പരാമർശത്തിൽ പുകഞ്ഞ് കർണാടക. പരാമർശം നടത്തിയ കന്നഡ ഭാഷാ ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമാലെയെ സർക്കാർ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദൈവികമായ കലാരൂപത്തെ ആകെ അധിക്ഷേപിക്കുന്ന പരാർമർശമാണ് ഇതെന്ന് കലാകാരന്മാരുടെ സംഘടനയും കുറ്റപ്പെടുത്തി. പ്രസ്താവന വിദാമായതോടെ മാപ്പുചോദിച്ച് പുരുഷോത്തമ ബിലിമാലെ രംഗത്തെത്തി.
മൈസൂരു സർവകലാശാലയുടെ മാനസ ഗംഗോത്രി ക്യാമ്പസിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ പ്രൊഫ. പുരുഷോത്തമ നടത്തിയ പരാമർശമാണ് കർണാടകയിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. 6 മുതൽ 8 മാസം വരെ നീളുന്ന സീസൺ തുടങ്ങിയാൽ കലാകാരന്മാർ ഒറ്റപ്പെടൽ നേരിടാറുണ്ടെന്നും ഈ കാലയളവിൽ സ്ത്രീവേഷധാരികളോട് താൽപര്യം തോന്നുക സ്വാഭാവികമാണെന്നുമായിരുന്നു പരാമർശം. കലാകാരന്മാരേയും കലാരൂപത്തേയും ആക്ഷേപിച്ച പ്രൊഫ. പുരുഷോത്തമയുടെ മാനസിക നില തകരാറിലായിരിക്കുകയാണെന്ന് യക്ഷഗാന കലാകാരന്മാരുടെ സംഘടന ആക്ഷേപിച്ചു. പുരുഷോത്തമയെ കന്നഡ ഭാഷാ ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. പ്രസ്താവന വിവാദമായതോടെ മാപ്പപേക്ഷിച്ച് പുരുഷോത്തമ ബിലിമാലെയും രംഗത്തെത്തി.
കാസർകോട് നിന്ന് ജന്മമെടുത്ത യക്ഷഗാനത്തെ ദൈവീകമായും കാലാകാരന്മാരെ ദൈവങ്ങളുടെ പ്രതിപുരുഷന്മാരായി കണ്ടും ആരാധിക്കുന്നവരാണ് തീരദേശ കർണാടകക്കാർ. ആ നിലയിൽ യക്ഷഗാനം അഭ്യസിച്ചിട്ടുള്ള, 30 വർഷത്തോളം ആ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ബിലിമാലെയെ പോലുള്ള ഒരാൾ നടത്തിയ ഈ പ്രസ്താവനയെ വെറുമൊരു വാക്പിഴയായി എഴുതിത്തള്ളാൻ ആരും തയാറല്ല.