
ദില്ലി: രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനുള്ള നടപടികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ. വാക്സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
ഏപ്രിൽ 28 ബുധനാഴ്ച മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്ട്രർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ ക്ലിനിക്കുകൾ വഴി വാക്സിൻ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികൾ വഴിയാണ് വാക്സിൻ സ്വീകരിക്കേണ്ടത് എന്നതിനാൽ ഇതിനായി ആളുകൾ സ്വന്തം കൈയിൽനിന്നും പണം ചിലവഴിക്കേണ്ടി വന്നേക്കും. സ്വകാര്യ മേഖലയിൽ സെറം ഇൻസിറ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികൾ അറിയിച്ചത്. സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യമേഖലയിലും വാക്സിൻ കൊടുക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.
കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാൻ വിവിധ സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങിയെങ്കിലും വാക്സിൻ കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന. മെയ് 15 വരെയെങ്കിലും കമ്പനികളിൽ നിന്നും വാക്സിൻ കിട്ടാൻ സാധ്യതയില്ലെന്നാണ് രാവിലെ മാധ്യമങ്ങളെ കണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ അറിയിച്ചു. യുവജനങ്ങളുടെ വാക്സിനേഷൻ സ്വകാര്യമേഖലയിൽ നടക്കുമ്പോൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സർക്കാർ ആശുപത്രികളിൽ തുടരാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam