
ദില്ലി: സമൂഹിക മാധ്യമങ്ങളിലുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ 100 പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ഐടി മന്ത്രാലയം. കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഐടി മന്ത്രാലയത്തിന്‍റെ പ്രതികരണം. വിമർശന ട്വീറ്റുകളല്ല വ്യാജ വാർത്തകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് സർക്കാര്‍ വൃത്തങ്ങൾ പറയുന്നത്.
കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിയിലും, പുതുക്കിയ വാക്സിൻ നയത്തിലും കേന്ദ്രത്തിനെതിരെ വിമർശനം ഉയരുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള ട്വീറ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഐടി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 50 ട്വീറ്റുകൾ നീക്കിയെന്നായിരുന്നു ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരം. നീക്കിയ ട്വീറ്റുകളിൽ ചിലതില്‍ സമീപകാലത്ത് നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ ചിത്രങ്ങളും, കൊവിഡിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളുമുണ്ട്.
എന്നാൽ ഏറിയ പങ്കും കേന്ദ്ര സർക്കാരിന്‍റെ കെടുകാര്യസ്ഥതയെ വിമർശിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഡി മെയ്ഡ് ഡിസാസ്റ്റർ എന്ന ഹാഷ്ടാഗിലുള്ളതും, കൊവിഡ് വ്യാപനം മൂർച്ഛിക്കുന്നതിനിടെ നടന്ന കുംഭമേളയെ കുറിച്ചുള്ളതുമായ ട്വീറ്റുകളും നീക്കം ചെയ്തവയിൽ പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam