പൗരത്വ നിയമഭേദഗതിയിൽ ജാമിയ വിദ്യാർത്ഥി സമരം തുടരുന്നു; കാമ്പസിലെ പൊലീസ് നടപടിയിൽ പ്രധാനമന്ത്രിക്ക് പരാതി നൽകാൻ നീക്കം

By Web TeamFirst Published Dec 28, 2019, 5:54 AM IST
Highlights

അടുത്ത മാസം 12 ന് ദില്ലി രാംലീലാ മൈതാനത്ത് രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ പരിപാടി നടത്താനും സമരസമിതി പദ്ധതിയിടുന്നുണ്ട്.

ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധം തുടരുന്നു. ജാമിയ വിദ്യാർത്ഥികളുടെ സമരം ഇന്ന് പതിനെട്ടാം ദിവസത്തിലെത്തി. ഇന്നലെ യുപി ഭവൻ ഉപരോധിക്കാൻ എത്തിയ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് കാമ്പസിനു മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം തുടരും. കാമ്പസിൽ നടന്ന പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മാനവവിഭവശേഷി മന്ത്രി എന്നിവർക്ക് ഭീമ ഹർജി നൽകാൻ സമരസമിതി തീരുമാനിച്ചു. അടുത്ത മാസം 12 ന് ദില്ലി രാംലീലാ മൈതാനത്ത് രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ പരിപാടി നടത്താനും സമരസമിതി പദ്ധതിയിടുന്നുണ്ട്. അതെ സമയം ഷെഹീൻ ബാഗിലും സീലംപൂരിലും ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരും.

ദരിയാഗഞ്ചിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേരുടെ ജാമ്യാപേക്ഷയിന്മേൽ ഇന്ന് ഡൽഹി കോടതി വിധി പറയും. വാദത്തിനിടെ ജാമ്യാപേക്ഷയെ ഡൽഹി പൊലീസ്  ശക്തമായി എതിർത്തിരുന്നു. പൊലീസ് നിരവധി പേരെ കസ്റ്റഡിയിൽ എടുത്തെന്നും ഇതിൽ അക്രമത്തിൽ പങ്കില്ലാത്തവരെ അറസ്റ്റ് ചെയ്‌തെന്നുമാണ് ഹർജിക്കാരുടെ വാദം. അതേസമയം അക്രമത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് നിലപാട്. അഡിഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാറാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. നേരത്തെ മജിസ്റ്റീരിയൽ കോടതി 15 പേരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.  

click me!