പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ശമനം; അസമിൽ കര്‍ഫ്യൂവിന് ഇളവ്

By Web TeamFirst Published Dec 15, 2019, 9:47 AM IST
Highlights

വൈകീട്ട് 4 മണി വരെയാണ് അസമിൽ കര്‍ഫ്യൂവിന് ഇളവ് നല്‍കിയിരിക്കുന്ത്. പ്രതിഷേധത്തിന് നേരിയ ശമനം വന്നതിനെത്തുടർന്നാണ് ഇളവ്.

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ നേരിയ ശമനം വന്ന അസമിൽ കര്‍ഫ്യൂവിന് ഇളവ് നല്‍കി. വൈകീട്ട് നാല് മണി വരെയാണ് കർഫ്യൂവിന് ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ ഗുവാഹത്തിയിൽ സിനിമ-സാംസ്കാരിക പ്രവർത്തകർ പ്രതിഷേവുമായി ഇന്ന് രംഗത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

പൗരത്വനിയമ ഭേദഗതി പിൻവലിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ അവസാനിക്കില്ലെന്ന് ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയൻ നേതാവ് സമോജ്വൽ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അസാമുകാർക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാണ് പ്രക്ഷോഭങ്ങളെന്നും സമോജ്വൽ ഭട്ടാചാര്യ പറഞ്ഞു. സാഹിത്യ സിനിമാ രംഗത്തുള്ളവരും ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 18, ബുധനാഴ്ച ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളില്‍ രഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കനത്ത പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പശ്ചിമ ബംഗാളില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധക്കാര്‍ രണ്ട് റെയിൽവേ സറ്റേഷനുകള്‍ക്കാണ് തീവെച്ചത്. അഞ്ച് തീവണ്ടികളും പതിനഞ്ചോളം ബസ്സുകളും ഇവര്‍ അഗ്നിക്കിരയാക്കിയിരുന്നു.

മുഖ്യമന്ത്രി മമതാ ബാനർജി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം നൽകിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് അക്രമ സ്വഭാവത്തിലുള്ള പ്രതിഷേധം നടന്നത്. എന്നാൽ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി മമത പിന്നീട് രംഗത്തു വന്നു. പൊതുമുതൽ നശിപ്പിക്കുന്ന പ്രതിഷേധം പാടില്ലെന്ന മമത ബാനർജിയുടെ അഭ്യർത്ഥന ഉൾക്കൊള്ളുന്ന പരസ്യം എല്ലാ ടിവി ചാനലുകളിലും നല്‍കിതുടങ്ങിയിരുന്നു. നാളെ സമാധാന റാലികൾ നടത്താൻ മമതാ ബാനർജി ആഹ്വാനം ചെയ്‍തിട്ടുണ്ട്.

പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍, പൗരത്വ നിയമഭേദഗതിയിൽ മാറ്റം ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ആശങ്ക പരിഗണിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

click me!