
ദില്ലി: പ്രക്ഷോഭങ്ങളും എതിർപ്പും ശക്തമായി തുടരുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. നിയമം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
രാജ്യവ്യാപകമായി പൗരത്വനിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും കേന്ദ്രം മുന്നോട്ട് തന്നെയാണ്. നിയമം ഇന്ന് മുതൽ നിലവിൽ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.
വിജ്ഞാപനമിറക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം നിലപാടെടുത്തിരുന്നതാണ്, നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നതാണ് കേന്ദ്ര നിലപാട്. സുപ്രീം കോടതിയിൽ നിന്ന് സ്റ്റേയും ഇല്ലാത്ത സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ഇനി താമസിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്.
ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam