പൊതുതാത്‌പര്യ ഹർജികൾ ഇനി സുപ്രീം കോടതിയിലെ അഞ്ച് മുതിർന്ന ജസ്റ്റിസുമാർ കേൾക്കും

By Web TeamFirst Published Jun 27, 2019, 7:45 AM IST
Highlights

പൊതുതാത്‌പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന തീരുമാനം നടപ്പിലാക്കിയത് റിട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് നടപ്പിലാക്കിയത്

ദില്ലി: സുപ്രീം കോടതിയിൽ പൊതു താത്‌പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാൽ മതിയെന്ന മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ രഞ്‌ജൻ ഗൊഗോയി തിരുത്തി. ഇനി മുതൽ അഞ്ച് മുതിർന്ന ജസ്റ്റിസുമാർ പൊതുതാത്‌പര്യ ഹർജികൾ കേൾക്കും. 

കഴിഞ്ഞ വർഷം പ്രാവർത്തികമാക്കിയ ഉത്തരവാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മാറ്റിയെഴുതിയത്. രഞ്ജൻ ഗൊഗോയി അടക്കമുള്ള നാല് മുതിർന്ന ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് പൊതുതാത്‌പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന തീരുമാനം നടപ്പിലാക്കിയത്.

ഇതോടെ ഇനിയുള്ള പൊതുതാത്‌പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എസ്എ ബോബ്‌ഡെ, എൻവി രമണ, അരുൺ മിശ്ര, രോഹിൻടൺ നരിമാൻ എന്നിവരുടെ ബെഞ്ചുകളിലാവും ഈ ഹർജികൾ എത്തുക. 

ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്‌തിരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ ഇനി ജസ്റ്റിസ് എസ്എ ബോബ്‌ഡെയാകും കൈകാര്യം ചെയ്യുക. ജൂലൈ ഒന്ന് മുതലാണ് ഇത് നിലവിൽ വരുന്നത്. നാല്  മാസത്തിനകം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്‌ജൻ ഗൊഗോയി വിരമിക്കും.
 

click me!