
ദില്ലി: എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് കോക്റോച്ച് ജനത പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേരാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ക്ഷണമാണ് ദിപ്കെ നിരസിച്ചത്. കേന്ദ്രത്തിൽ ബി ജെ പി നയിക്കുന്ന എൻ ഡി എയുടെ ഭാഗമാണ് ആർപിഐ (എ). "വെറും ഒരു മാസം മുമ്പ് വരെ ഞാൻ നിങ്ങൾക്ക് രാജ്യദ്രോഹിയായിരുന്നില്ലേ?" എന്നാണ് സാമൂഹിക മാധ്യമത്തിൽ അഭിജീത് ദിപ്കെയുടെ പ്രതികരണം.
ഡോ. ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അഭിജീത് ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് അത്തേവാലെ ആവശ്യപ്പെട്ടത്. ചുറുചുറുക്കുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ മുന്നോട്ടു വരണമെന്നാണ് അത്തേവാലെ പറഞ്ഞത്. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന നയമുള്ള സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് അത്തേവാലെ അവകാശപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെയും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെയും പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
എന്നാൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ബിജെപി നേതാക്കളും അനുയായികളും രാജ്യദ്രോഹി ചാപ്പയടിക്കുന്നതിനെതിരെ അഭിജീത് ദിപ്കെ ശക്തമായി രംഗത്തെത്തിയിരുന്നു. ജെൻ സി തലമുറയെ രാജ്യദ്രോഹികളെന്ന് വിളിക്കരുതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിന് പിന്നാലെ ഈ സന്ദേശം ബിജെപി നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നൽകണമെന്ന് അദ്ദേഹം ഭാഗവതിനോട് ആവശ്യപ്പെട്ടു.
"ധർമേന്ദ്ര പ്രധാൻ ജെൻ സിയെ ഭീകരവാദികളുടെ ബി-ടീം എന്നും നിതിൻ നബിൻ വൈറസ് എന്നും വിശേഷിപ്പിച്ചു. ആർഎസ്എസിനെതിരായി ബിജെപി എന്തെങ്കിലും പറയുകയോ നിലപാടെടുക്കുകയോ ചെയ്യാൻ സാധ്യതയില്ലാത്തതിനാൽ, അവർ ഇപ്പോൾ മോഹൻ ഭാഗവത് ജിയുടെ വാക്കുകൾ കേൾക്കുകയും അവ മാനിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു"- എന്നാണ് അഭിജീത് ദിപ്കെ പ്രതികരിച്ചത്. ദിപ്കെ എൻ ഡി എയിലേക്കുള്ള ക്ഷണം നിരസിച്ചതും താൻ നിങ്ങൾക്ക് രാജ്യദ്രോഹി ആയിരുന്നില്ലേ എന്ന ചോദ്യം ഉയർത്തിയാണ്.
തനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താല്പര്യമില്ലെന്നും സി ജെ പിയെ ഒരു ജനകീയ പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അഭിജീത് ദിപ്കെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് സംവിധാനത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ ദിപ്കെ പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്നതും വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതുമായ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതു കൊണ്ട് കാര്യമില്ല. രാജ്യത്തിന് ഒരു പൊതുജന പ്രസ്ഥാനമാണ് ആവശ്യമെന്നും ദിപ്കെ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam