'ഒന്നാം തീയതി തന്നെ വീട്ടുടമ വാടക ചോദിക്കും, പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകുന്നില്ല'; രാജിക്ക് പിന്നാലെ ഷെഹ്സാദ് പൂനവാല

Published : Aug 19, 2026, 11:15 AM IST
shehzad poonawalla

Synopsis

ബിജെപി ദേശീയ വക്താവ് സ്ഥാനത്തുനിന്നും ഷെഹ്സാദ് പൂനവാല രാജിവച്ചത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വെളിപ്പെടുത്തൽ. രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകാത്തതിനാൽ ഉപജീവനത്തിന് ബുദ്ധിമുട്ടാണെന്നും എന്നാൽ പാർട്ടിയുടെ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കാൻ കാരണം സാമ്പത്തിക പ്രതിസന്ധിയും വ്യക്തിപരമായ സാഹചര്യങ്ങളുമെന്ന് ഷെഹ്സാദ് പൂനവാല. ചാനൽ ചർച്ചകളിൽ ബിജെപിയുടെ പ്രമുഖ മുഖങ്ങളിലൊന്നായിരുന്നു പൂനവാല. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകുന്നില്ലെന്നും ഉപജീവനത്തിന് കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

"വീട്ടുവാടക കൊടുക്കേണ്ടതുണ്ട്, ഞാൻ ബിജെപിയിലാണ് എന്നതുകൊണ്ട് എനിക്ക് വീട്ടുടമ വാടക ഒഴിവാക്കി തരില്ല. ഒന്നാം തീയതി തന്നെ വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്ക് ശമ്പളം നൽകുന്നില്ല"- ഷെഹ്സാദ് പൂനവാല പറഞ്ഞു. അതേസമയം പാർട്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശയങ്ങളോടും കാഴ്ചപ്പാടുകളോടും താൻ ഇപ്പോഴും പൂർണ്ണമായി കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട് 2021-ലാണ് ഷെഹ്സാദ് പൂനവാല ബിജെപിയിൽ ചേർന്നത്. രാഷ്ട്രീയക്കാരിൽ ഭൂരിഭാഗവും 'നേട്ടങ്ങൾ കൈപ്പറ്റുന്നവരുടെ' അല്ലെങ്കിൽ 'വൻ രാഷ്ട്രീയക്കാരുടെ മക്കളുടെ' ഗണത്തിൽ പെടുന്നവരാണെന്നും താൻ ഇതിൽ രണ്ടിലും ഉൾപ്പെടാത്തതിനാൽ ജീവിക്കാൻ മറ്റ് വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഞാൻ രാഷ്ട്രീയത്തിലൂടെ ഒന്നും സ്വന്തമാക്കുന്നില്ല, ഒരു വലിയ രാഷ്ട്രീയക്കാരന്റെ മകനുമല്ല. സച്ചിൻ പൈലറ്റിനെ പോലെയുള്ള രാഷ്ട്രീയക്കാരെയും നേതാക്കന്മാരെയും കണ്ട് ശീലിച്ച ജനങ്ങൾ, ഞങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാർക്ക് കുടുംബപരമായ യാതൊരു പാരമ്പര്യവുമില്ലെന്ന വസ്തുത അംഗീകരിക്കാൻ മടിക്കുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജി തീരുമാനം പെട്ടെന്ന് എടുത്തത് അല്ലെന്നും 2024 മുതൽ ഇതേക്കുറിച്ച് ആലോചിച്ചു വരികയായിരുന്നുവെന്നും ഷെഹ്സാദ് പൂനവാല വെളിപ്പെടുത്തി. ഏതാനും ആഴ്ചകൾക്ക് മുമ്പ് പാർട്ടി വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ചിലരുടെ ഇടപെടലുകൾ കാരണമാണ് താൻ ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതെന്ന് രാജിക്കത്തിൽ സൂചിപ്പിച്ചെങ്കിലും, ആരെയെങ്കിലും പേരെടുത്ത് കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. രാഷ്ട്രീയത്തിലായാലും മാധ്യമ മേഖലയിലായാലും ആളുകൾ വീഴ്ത്താൻ ശ്രമിക്കുന്നത് പൊതുജീവിതത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്; എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ നൽകും, പാട്ടു പാടി നന്ദി അറിയിച്ച് എംഎൽഎമാർ
മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി; പുനഃസംഘടന അടുത്ത മാസം, വകുപ്പുകളിൽ മാറ്റം വന്നേക്കും