മമതയുടെ വിലക്ക് ലംഘിച്ച് ബിജെപി ജയഘോഷയാത്ര; പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി

By Web TeamFirst Published Jun 8, 2019, 10:56 PM IST
Highlights

സബ് ഇന്‍സ്പെക്ടര്‍ റിബിന്‍ ഭട്ടാചാര്യ, വനിതാ പൊലീസ് ഓഫിസര്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പൊലീസ് ലാത്തിചാര്‍ജില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. 

കൊല്‍ക്കത്ത: സര്‍ക്കാര്‍ വിലക്ക് മറികടന്ന് ബിജെപി നടത്തിയ ജയഘോഷ യാത്രയില്‍ (അഭിനന്ദന്‍ യാത്ര) സംഘര്‍ഷം. ബുനിയാദ്പുരിലാണ് പൊലീസും ബിജെപി പ്രവര്‍ത്തകരും  മൂന്ന് മണിക്കൂറോളം ഏറ്റുമുട്ടിയത്. മിഡ്നാപുര്‍ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ദിലിപ് ഘോഷാണ് യാത്രക്ക് നേതൃത്വം നല്‍കിയത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സബ് ഇന്‍സ്പെക്ടര്‍ റിബിന്‍ ഭട്ടാചാര്യ, വനിതാ പൊലീസ് ഓഫിസര്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

പൊലീസ് ലാത്തിചാര്‍ജില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ഗംഗാരാംപുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബിജെപി പ്രവര്‍ത്തകര്‍ കല്ലും വടിയുമുപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. എന്നാല്‍, പൊലീസിനൊപ്പം ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ദിലിപ് ഘോഷ് ആരോപിച്ചു. മൂന്ന് മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെയാണ് സംഘര്‍ഷം അവസാനിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ജയഘോഷയാത്ര നടത്തിയത് പൊലീസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

ബിജെപി ആസൂത്രണം ചെയ്താണ് അക്രമം നടത്തിയതെന്ന് നഗരവികസന മന്ത്രിയും കൊല്‍ക്കത്ത മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം ആരോപിച്ചു. ബിജെപി സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ അധികാരത്തിലേറിയതുമുതല്‍ എന്തും ചെയ്യാമെന്നാണ് ബിജെപി കരുതുന്നതെന്നും അവര്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
 

click me!