'ഈ വൃത്തികെട്ട കസേരയാണോ എനിക്ക് തന്നത്'; കോടതിയില്‍ പൊട്ടിത്തെറിച്ച് പ്രഗ്യാസിങ്

By Web TeamFirst Published Jun 8, 2019, 9:12 PM IST
Highlights

2008 സെപ്തംബർ 29ന് നടന്ന സ്ഫോടനത്തെക്കുറിച്ച് അറിയാമോ എന്ന് ജഡ്ജി വി എസ് പഡാൽക്കർ ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്ന് പ്രഗ്യാസിംഗ് മറുപടി നല്‍കി.

മുംബൈ: മാലേഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയും എംപിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍ വൃത്തിയുള്ള കസേരയാവശ്യപ്പെട്ട് കോടതിയില്‍ അഭിഭാഷകരോട് തട്ടിക്കയറി.മുബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍. വൃത്തിയില്ലാത്തതും പൊടിപിടിച്ചതും ബലമില്ലാത്തതുമായ കസേരയാണോ എംപിയായ എനിക്ക് നിങ്ങള്‍ നല്‍കിയതെന്ന് പ്രഗ്യ അഭിഭാഷകനോട് ചോദിച്ചു. ജഡ്ജിയോടും പ്രഗ്യാസിങ് പരാതിപ്പെട്ടു. കുറ്റാരോപിതരോട് മനുഷ്യത്വപരമായി പെരുമാറണമെന്നും പ്രഗ്യ പറഞ്ഞു.

കുറ്റാരോപിതര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാറില്ലെന്നായിരുന്നു എന്‍ഐഎ അഭിഭാഷകന്‍റെ പ്രതികരണം. കഴിയുന്ന സൗകര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കിയിരുന്നു. കസേരയില്‍ ഇരിക്കാനാകില്ലെങ്കില്‍ അവര്‍ക്ക് ജഡ്ജിയെ അറിയിക്കാമായിരുന്നു. കോടതിയില്‍ അവര്‍ക്ക് ഇരിക്കാനും നില്‍ക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ജഡ്ജി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. വിചാരണയില്‍ മാലേഗാവ് സ്ഫോടനത്തില്‍ തനിക്ക് പങ്കില്ലെന്ന് പ്രഗ്യാ സിംഗ് ആവര്‍ത്തിച്ചു. 2008 സെപ്തംബർ 29ന് നടന്ന സ്ഫോടനത്തെക്കുറിച്ച് അറിയാമോ എന്ന് ജഡ്ജി വി എസ് പഡാൽക്കർ ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്ന് പ്രഗ്യാസിംഗ് മറുപടി നൽകി.

കേസ് നടപടിയെക്കുറിച്ച് എന്തറിയാം എന്ന ചോദ്യത്തിനും കേസിൽ എത്ര സാക്ഷികളെ വിസ്തരിച്ചുവെന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു പ്രഗ്യയുടെ മറുപടി നല്‍കി. മുമ്പ് രണ്ട് തവണയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യ കോടതിയിൽ ഹാജരായിരുന്നില്ല. രക്തസമ്മർദം മൂലം ഹാജരാവാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചില്ല. ഇനിയും ഹാജരായില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹാജരായത്.

click me!