
ഹൈദരാബാദ്: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും വിദ്യാഭ്യാസ സ്ഥപനങ്ങളെല്ലാം അടഞ്ഞ് തന്നെ കിടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലും സ്വയം മാസ്കുകൾ തുന്നി പൊലീസുകാർക്ക് നൽകുകയാണ് ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.
വികരാബാദ് സ്വദേശിയായ കാവലി വിനുത്ന എന്ന കുട്ടിയാണ് പിറന്നാൾ ദിനത്തിൽ താൻ നിർമിച്ച മാസുകൾ പൊലീസ് സൂപ്രണ്ട് എം നാരായണന് കൈമാറിയത്. മിയാപൂരിലെ മഹാത്മാ ജ്യോതിബ ഫൂലെ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി. മതാപിതാക്കളായ വെങ്കടയ്യ, വിജയലക്ഷ്മി എന്നിവരിൽ നിന്നാണ് കാവലി തയ്യൽ പഠിച്ചത്.
ലോക്ക്ഡൗണിനിടെ സ്കൂൾ അധികൃതർ സംഘടിപ്പിച്ച ഒരു ഓൺലൈൻ പരിപാടിയിൽ കാവലി 100 രൂപ ക്യാഷ് പ്രൈസ് നേടിയിരുന്നു. ഈ പണം ഉപയോഗിച്ച് വെങ്കടയ്യ മകൾക്ക് കുറച്ച് തുണി വാങ്ങി നൽകുകയും ഇവ ഉപയോഗിച്ച് കാവലി മാസ്കുകൾ തയ്ക്കുകയുമായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ജില്ലാ കളക്ടർക്കും കാവലി നൂറ് മാസ്കുകൾ തുന്നി നൽകിയിരുന്നു. കളക്ടർ നൽകിയ പ്രോത്സാഹനം ഉൾക്കൊണ്ട് കൂടുതൽ മാസ്കുകൾ കാവലി തുന്നുകയും പിറന്നാൾ ദിനത്തിൽ അവ പൊലീസുകാർക്ക് നൽകുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam