
പട്യാല: ജയിൽ ശിക്ഷ നേരിടുന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു ജയിലിൽ ക്ലർക്ക്. ശിക്ഷ അനുഭവിക്കാൻ പാർപ്പിച്ചിരിക്കുന്ന പട്യാല സെൻട്രൽ ജയിലിലെ ക്ലർക്കായാണ് സിദ്ദുവിന് ജോലി നൽകിയിരിക്കുന്നത്. ബാരക്ക് നമ്പർ 7ൽ തടവിൽ കഴിയുന്ന 241383 നമ്പർ തടവുകാരനാണ് സിദ്ദു. സിദ്ദു സെല്ലിൽ ഇരുന്ന് ജോലി ചെയ്യുമെന്നും സുരക്ഷാ കാരണങ്ങളാൽ ജോലിക്ക് പുറത്തിറങ്ങില്ലെന്നും ജയിൽ അധികൃതർ പറയുന്നു.
ഫയലുകൾ സിദ്ദുവുന്റെ ബാരക്കിലേക്ക് അയയ്ക്കും. ആദ്യത്തെ മൂന്ന് മാസംപ്രതികൾക്ക് വേതനമില്ലാതെ പരിശീലനം നൽകും. ശേഷം ദിവസം 30 മുതൽ 90 രൂപ വരെ വേതനം നൽകും. ഇത് സിദ്ദുവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറും. എട്ട് മണിക്കൂറാണ് ജോലി. ദൈർഘ്യമേറിയ കോടതി വിധികൾ എങ്ങനെ സംക്ഷിപ്തമാക്കാമെന്നും ജയിൽ രേഖകൾ എങ്ങനെ കംപൈൽ ചെയ്യാമെന്നും 58 കാരനായ സിദ്ദുവിനെ പഠിപ്പിക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
നവജ്യോത് സിദ്ദു ജയിലിൽ പ്രത്യേക ഭക്ഷണക്രമം തേടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഗോതമ്പ്, പഞ്ചസാര, മൈദ, മറ്റ് ചില ഭക്ഷണപദാർത്ഥങ്ങൾ എന്നിവ നവജ്യോത് സിദ്ദുവിന് കഴിക്കാൻ കഴിയില്ലെന്ന് സിദ്ദുവിനെ പരിശോധിച്ച ഡോക്ടർമാരുടെ പാനൽ പറഞ്ഞു. പാനൽ നിർദ്ദേശിച്ച പ്രകാരം ദിവസം ഏഴ് പ്രാവശ്യം ഭക്ഷണം നൽകുന്ന പ്രത്യേക ഡയറ്റിന് കോടതി അനുമതി നൽകിയിട്ടുണ്ട്. 1988 ഡിസംബർ 27ന് പാട്യാല നിവാസിയായ ഗുർനാം സിംഗിനെ കൊല്ലപ്പെടുത്തിയ കേസിലാണ് സിദ്ദു ജയിൽ ശിക്ഷ അനുഭവിക്കുന്നത്.
കേസ് ഇങ്ങനെ...
1988 ഡിസംബർ 27 -ന് നടുറോഡിൽ തന്റെ മാരുതി ജിപ്സിയിൽ സ്നേഹിതൻ രൂപീന്ദർ സാന്ധുവുമൊത്ത് ഇരിക്കുകയായിരുന്ന സിദ്ദുവിനോട്, ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ പോവുകയായിരുന്ന ഗുർനാം സിംഗ് എന്ന അറുപത്തഞ്ചുകാരൻ വാഹനം വഴിയിൽ നിന്ന് നീക്കാൻ ആവശ്യപ്പെടുന്നു. അതിന്റെ പേരിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ, ഗുർനാമിനെ മർദ്ദിച്ച് അവശനാക്കി സിദ്ദുവും സ്നേഹിതനും സ്ഥലം വിടുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച ഗുർനാം സിങ് മരണത്തിനു കീഴടങ്ങുന്നു.
2018 -ൽ ഈ കേസിൽ സിദ്ദു കുറ്റക്കാരനാണ് എന്ന് കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി മൂന്നുവർഷത്തെ കഠിന തടവിന് സിദ്ദുവിനെ ശിക്ഷിച്ചു എങ്കിലും, ആ വിധി റദ്ദാക്കിയ സുപ്രീം കോടതി, കേസ് മുപ്പതു വർഷം പഴയതാണ്, സിദ്ദു ആയുധങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നീ കാരണങ്ങൾ മുൻ നിർത്തി ശിക്ഷ ആയിരം രൂപ പിഴ മാത്രമായി ഇളവുചെയ്യുന്നു. എന്നാൽ, നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടർന്ന ഗുർനാം സിങിന്റെ ഉറ്റവർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിവ്യൂ പെറ്റീഷനിലാണ് "കയ്യൂക്കുള്ളവന് കൈ പോലും ആയുധമാണ്" എന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി സിദ്ദു ജയിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന അന്തിമ വിധിയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.
കേസിന്റെ വിചാരണ തുടങ്ങിയ അന്നുതൊട്ട് ജാമ്യത്തിലായിരുന്ന സിദ്ദു, ക്രിക്കറ്റ് കമന്റേറ്റർ ആയും കോമഡി ഷോയിൽ വിധികർത്താവായും കോടികൾ സമ്പാദിച്ചു കൂട്ടി. പഞ്ചാബിൽ ബിജെപി-കോൺഗ്രസ് പാളയങ്ങൾ മാറിമാറി ചാടിക്കൊണ്ടിരുന്ന അദ്ദേഹം അമൃത്സറിൽ നിന്ന് മൂന്നുവട്ടം പാർലമെന്റിലെത്തിയിട്ടുണ്ട്. ക്രിക്കറ്റിൽ എന്ന പോലെ രാഷ്ട്രീയത്തിലും സിദ്ദു തന്റെ ക്യാപ്റ്റനുമായ നിരന്തരം അസ്വാരസ്യത്തിലായിരുന്നു. ക്യാപ്റ്റൻ അസറുദ്ദീനുമായുള്ള അഭിപ്രായ ഭിന്നതകൾ മൂർച്ഛിച്ച് ഒടുവിൽ 1996 -ൽ ഇംഗ്ലണ്ട് ടൂറിനിടയിൽ ഏറെ അപ്രതീക്ഷിതമായി സിദ്ദു തന്റെ റിട്ടയർമെന്റ് പ്രഖ്യാപിക്കുന്നു. സമാനമായ സാഹചര്യത്തിൽ പഞ്ചാബ് രാഷ്ട്രീയത്തിലെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി യോജിച്ചു പോവാനാകാതെ 2019 -ൽ സിദ്ദു തന്റെ മന്ത്രിപദവും രാജിവെച്ചിറങ്ങിയിരുന്നു. എന്നാൽ, എല്ലാം അവസാനിച്ചു എന്ന് തോന്നിച്ച ഘട്ടങ്ങളിൽ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും ഒരുപോലെ തിരിച്ചുവരവുകൾ നടത്തിയ ചരിത്രവും സിദ്ദുവിനുണ്ട്.
എത്ര വിപരീതമായ സാഹചര്യങ്ങളിലും വാക്കുകൾ കൊണ്ട് അമ്മാനമാടി പിടിച്ചു നിന്നിരുന്ന സിദ്ദുവിനു മുന്നിൽ എല്ലാ വാതിലുകളും അടയുന്ന ദിവസമാണ് ഇന്ന്. നീതി നിർവഹണത്തിൽ ഫലിതബിന്ദുക്കൾക്ക് സ്ഥാനമില്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിസ്സംശയം പറഞ്ഞ ദിവസം. സമ്മർദ്ദങ്ങൾക്ക് നടുവിലും നീതിക്കായി നിരന്തരം പോരാട്ടങ്ങൾ തുടർന്ന ഗുർനാം സിങിന്റെ കുടുംബത്തിന് ഏറെ വൈകിയെങ്കിലും ഒടുവിൽ നീതി നേടാനായ ദിവസവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam