
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി വിവരങ്ങൾ. ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. മലമുകളിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. ഇവിടം ജനവാസ മേഖലയല്ലാത്തതിനാൽ തന്നെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇവിടം കൂടുതലും വന മേഖലയാണ്. മലമുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും നദിയിൽ വന്ന് പതിക്കുകയായിരുന്നു. ഇതോടെ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് അധികൃതർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഉത്തരകാശിയിലെ ധരാലിയിലാണ് ആദ്യം മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് മിന്നൽ പ്രളയത്തിനാണ് ധരാലി പ്രദേശം സാക്ഷ്യം വഹിച്ചത്. നാലുപേര്‍ മരിച്ചതായാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. 60 ലധികം പേരെ കാണാതായെന്നാണ് പ്രാഥമിക നിഗമനം.
ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകളും നിരവധി കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തകരും സൈന്യവും 3 ഐടിബിപി സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam