
മുംബൈ: ഓടുന്ന ട്രെയിനിൽ വെച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നുള്ള യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ്. 30 വയസുള്ള യുവതി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് റെയിൽവേ പൊലീസ് (ജിആർപി) കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജൂലൈ 13നാണ് ഒരു യുവതി സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായി ദാദർ ജിആർപിക്ക് വിവരം ലഭിക്കുന്നത്.
പൊലീസ് മൊഴിയെടുത്തപ്പോൾ യുവതി തലേദിവസം പ്രയാഗ്‌രാജിൽ നിന്ന് ഗോരഖ്പൂർ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്‌മെന്‍റിൽ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞു. യാത്രക്കിടയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ ഒരു അപരിചിതൻ അതിക്രമിച്ചു കയറി വാതിൽ കുറ്റിയിട്ട ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി മൊഴി നൽകി.
സംഭവം അതീവ ഗൗരവമുള്ളതാണെങ്കിലും, പുറത്ത് അറിയുമെന്ന പേടിയിൽ യുവതി ഔദ്യോഗികമായി പരാതി നൽകാൻ യുവതി ആദ്യം വിസമ്മതിച്ചു. പൊലീസ് യുവതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ഒരു എൻജിഒയുടെ സഹായം തേടുകയും ചെയ്തു. എന്നിട്ടും യുവതി പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പൊലീസ് സംഘം വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും യുവതി പറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിൽ, യുവതി തന്‍റെ കാമുകനോടൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്യുകയും ജൂലൈ 12ന് അവർ ഒരു ഗസ്റ്റ് ഹൗസിൽ താമസിക്കുകയും ചെയ്തതായി കണ്ടെത്തി. അവർ തമ്മിൽ നടന്ന ലൈംഗികബന്ധത്തിനിടെ യുവതിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽക്കുകയായിരുന്നു.
എന്നാൽ കാമുകന്‍റെ വ്യക്തിത്വം സംരക്ഷിക്കുന്നതിനായി യുവതി സത്യം വെളിപ്പെടുത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം യുവതി സ്വന്തം നാട്ടിലേക്ക് മടങ്ങി. പരാതി വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് പോലീസ് യുവതിയുമായി സംസാരിച്ചതായും അറിയിച്ചു. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam