Latest Videos

സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സമീപനമുണ്ടാകരുത്; മാർക്ക് ദാന വിവാദത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

By Web TeamFirst Published Nov 19, 2019, 11:26 PM IST
Highlights

കേരളസർവകലാശാല മോഡറേഷൻ തട്ടിപ്പ്, എം ജി സർവകലാശാല മോഡറേഷൻ വിവാദം തുടങ്ങി സർവകലാശാലകളെ കുറിച്ച് വിവാദങ്ങളും പരാതികളും വ്യാപകമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

തിരുവനന്തപുരം: സർവകലാശാല മാർക്ക് ദാന വിവാദത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സമീപനമുണ്ടാകരുതെന്ന് വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മന്ത്രി കെ ടി ജലീൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ചില സർവ്വകലാശാലകൾ സമൂഹത്തിന് മുന്നിൽ അപഹാസ്യരായെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. 

കേരളസർവകലാശാല മോഡറേഷൻ തട്ടിപ്പ്, എം ജി സർവകലാശാല മോഡറേഷൻ വിവാദം തുടങ്ങി സർവകലാശാലകളെ കുറിച്ച് വിവാദങ്ങളും പരാതികളും വ്യാപകമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. സുരക്ഷിതത്വവും രഹസ്യസ്വഭാവവും പാലിക്കേണ്ട പരീക്ഷാ സംവിധാനത്തിൽ വീഴ്ചയുണ്ടായത് ഗൗരവതരമായ വിഷയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമവും ചട്ടവും അനുസരിച്ചുള്ള തീരുമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും നിർദ്ദേശിച്ചു. സിൻഡിക്കേറ്റുകൾ നിയമ വിധേയമായി പ്രവർത്തിക്കണമെന്ന് പറഞ്ഞ പിണറായി വിജയൻ സർവ്വകലാശാലകളിൽ ബയോമെട്രിക് സംവിധാനം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. പാസ്‍‍വേ‍ർഡുകൾ ഒഴിവാക്കി പകരം ബയോമെട്രിക് സംവിധാനം കൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇത് വഴി മാത്രമേ മാർക്ക് ദാനം പോലുള്ളവ തടയാന പറ്റുവെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. 

സർവകലാശാലകളുടെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കേരള, എം. ജി, കുസാറ്റ്, കലിക്കറ്റ്, കണ്ണൂർ,ഫിഷറീസ്, ആരോഗ്യ, സാങ്കേതിക സർവകലാശാലകളിലെ വിസിമാർ യോഗത്തിൽ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുളള നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ചയായി.

click me!