തമിഴ്നാട്ടിൽ 'സൂപ്പർ- ഉലകനായക ഒരുമ'? സഖ്യത്തിന് മടിയില്ലെന്ന് കമൽഹാസനും രജിനികാന്തും

By Web TeamFirst Published Nov 19, 2019, 10:33 PM IST
Highlights

തമിഴ്നാട്ടിലെ രാഷ്ട്രീയ ഗോപുരങ്ങളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെയാണ് ഇരുവരും രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. എങ്കിലും കമലിന്‍റെയും രജിനിയുടെയും രാഷ്ട്രീയനിലപാടുകളാകട്ടെ തികച്ചും എതിർചേരികളിലാണ്.

ചെന്നൈ: തമിഴ്‍നാട്ടിൽ പുതിയ രാഷ്ട്രീയസമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. രജിനികാന്തുമായി കൈകോർക്കാൻ മടിയില്ലെന്ന സൂചന നൽകി കമൽഹാസൻ രംഗത്തെത്തി. ജനനന്മയ്ക്കായി, തമിഴ്നാട്ടിലെ ജനതയ്ക്കായി കൈകോർക്കാൻ മടിക്കില്ലെന്ന കമൽഹാസന്‍റെ പ്രസ്താവന തമിഴ്നാട്ടിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴി വയ്ക്കുന്നത്.

ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് മക്കൾ നീതി മയ്യം പ്രസിഡന്‍റ് കൂടിയായ കമൽഹാസൻ നിലപാട് വ്യക്തമാക്കിയത്. ''ജനനന്മയ്ക്കായി ഒരുമിക്കാൻ ഞങ്ങൾക്ക് മടിയില്ല. കഴിഞ്ഞ '44 വർഷമായി ഞങ്ങൾ ഒന്നിച്ച്' തന്നെയാണല്ലോ'', കമൽ പറഞ്ഞു. സിനിമാരംഗത്ത് അറുപതാണ്ട് പൂ‍ർത്തിയാക്കിയ കമൽഹാസന് ആദരവുമായി ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രജിനികാന്ത് പങ്കെടുത്തിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് കമലിന്‍റെ പ്രസ്താവന.

ഇത് രാഷ്ട്രീയസഖ്യമായിരിക്കുമോ എന്ന് മാധ്യമപ്രവർത്തർ ആവർത്തിച്ച് ചോദിച്ചപ്പോൾ, ''ഞങ്ങൾ കൈകോർക്കുന്നതിൽ അദ്ഭുതങ്ങളില്ലല്ലോ. 44 വർഷമായി ഞങ്ങൾ ഒന്നിച്ചാണ്. രാഷ്ട്രീയത്തിലും ഒന്നിച്ച് വരേണ്ടതുണ്ടെങ്കിൽ അത് ചെയ്യും. ഇപ്പോൾ പ്രവർത്തനമാണ് പ്രധാനം. സംസാരത്തേക്കാൾ പ്രവർത്തിയിലാണ് ഊന്നേണ്ടത്. ജനനന്മയ്ക്കായി തമിഴ്നാട്ടിലെ ജനങ്ങൾക്കായി ഒന്നിച്ച് പോകാൻ ഞങ്ങൾ തയ്യാറാണ്'', എന്ന് കമൽഹാസൻ വ്യക്തമാക്കി.

അതേസമയം, രജിനികാന്ത് കുറച്ചുകൂടി വ്യക്തമായ പ്രസ്താവനയാണ് നടത്തിയത്. ''ജനങ്ങളുടെ നന്മയ്ക്കായി കമൽഹാസനുമായി സഖ്യം ചേരണമെങ്കിൽ തീർച്ചയായും അത് ചെയ്യുമെന്ന്'', രജിനി. അണ്ണാഡിഎംകെയ്ക്ക് എതിരെ ശക്തമായ വിമർശനവുമായി രജിനികാന്ത് രംഗത്തെത്തിയതിന് പിന്നാലെയാണിത്. 

നവംബർ 17-ന് 'ഉങ്കൾ നാൻ' എന്ന ആഘോഷപരിപാടിയിൽ, നടൻ വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖർ ഇരുവരും ഒന്നിച്ച് രാഷ്ട്രീയത്തിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ''നിങ്ങൾ സ്വന്തം പാർട്ടിയുണ്ടാക്കണം. അധികാരത്തിൽ വരണം. അഴിമതി തുടച്ചുനീക്കണം. ചെയ്യാനുള്ള ജോലി ചെയ്തെന്നും വഴി മാറണമെന്നും തോന്നിയാൽ നിങ്ങളുടെ സഹോദരൻമാർക്കായി വഴിമാറണം'', എസ് എ ചന്ദ്രശേഖർ പറഞ്ഞു. സ്വന്തം മകൻ രാഷ്ട്രീയത്തിൽ വരുമെന്നും, വരണമെന്നും നിരവധി തവണ പറഞ്ഞയാളാണ് ചന്ദ്രശേഖർ എന്നതും ശ്രദ്ധേയം.

അതേസമയം, നിലപാട് മാറ്റിയ രജിനികാന്തിനെതിരെ രൂക്ഷവിമർശനമാണ് അണ്ണാ ഡിഎംകെ മുഖപത്രം നമത് അമ്മ ഉയർത്തുന്നത്. ബസ് കണ്ടക്ടറായിരുന്ന രജിനികാന്ത് സ്വപ്നം കണ്ടതല്ല സൂപ്പർ താരപദവിയെന്നും റിയൽ മുഖ്യമന്ത്രിയാവാൻ കഴിയില്ലെന്നുമായിരുന്നു അണ്ണാഡിഎംകെ മുഖപത്രമായ നമത് അമ്മയിലെ മുഖപ്രസംഗം. മോദി അനുകൂല പ്രസ്താവനകളുമായി നിറഞ്ഞ് നിന്ന താരം, വിരുദ്ധ നിലപാടുകളുമായി രംഗത്തെത്തിയതിന്റെ ഞെട്ടൽ ബിജെപിയിൽ വിട്ട് മാറിയിട്ടില്ല. തമിഴ് രാഷ്ട്രീയം അത്ഭുതങ്ങൾ നിറഞ്ഞതെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിർണായക രാഷ്ട്രീയ സൂചനയുമായി സൂപ്പർ സ്റ്റാർ രംഗത്തെത്തിയത്. അതേസമയം, കമൽഹാസൻ എന്നും കാവിയല്ല, തന്‍റെ നിറമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ് താനും. 

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും രജിനികാന്തിന്‍റെ പാർട്ടി പ്രഖ്യാപനം വൈകുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. 2020 സെപ്റ്റംബറോടെ പാർട്ടി പ്രഖ്യാപനത്തിനാണ് ഒരുങ്ങുന്നത്. രജനിയുടെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയന്‍റെ വാക്കുകളിൽ കരുണാനിധിയുടേയും ജയലളിതയുടേയും രാഷ്ട്രീയ വിടവ് നികത്തുകയാണ് ലക്ഷ്യം. തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി കഴിഞ്ഞ കമൽ ഗ്രാമസഭകളുമായി പ്രവർത്തനം സജീവമാക്കുകയാണ്. ദ്രാവിഡ പാർട്ടികൾക്ക് ബദലായി പുതിയ രാഷ്ട്രീയ മുന്നണി ഉണ്ടാകുമോ എന്നറിയാൻ കാത്തിരിക്കാം.

click me!