
ഡെറാഡൂണ്‍: ബിജെപി (BJP) വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ഏകസിവില്‍ കോഡ് (Uniform civil code) നടപ്പാക്കാനായി കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി (Pushkar Singh Dhami ). നിയമവിദഗ്ധര്‍, റിട്ടയര്‍ ചെയ്ത പ്രമുഖര്‍, ബുദ്ധിജീവികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും കമ്മിറ്റിയെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുമെന്നും വിവാഹം, വിവാഹമോചനം, ക്രയവിക്രയം എന്നിവയില്‍ ഏകീകൃത സ്വഭാവം കൈവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം നടപ്പാക്കുന്നതോടെ സാമൂഹിക ഐക്യം വര്‍ധിക്കുകയും ലിംഗനീതി ഉറപ്പാവുമെന്നും സ്ത്രീ ശാക്തീകരണമുണ്ടാകുമെന്നും ധാമി വ്യക്തമാക്കി. ഭരണഘടനാ നിര്‍മാതാക്കളുടെ സ്വപ്‌ന സാക്ഷാത്കരത്തിനുള്ള വളരെ നിര്‍ണായകമായ ചുവടുവെപ്പായിരിക്കുമിത്.
മതം പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യനീതിയെന്ന ആര്‍ട്ടിക്കിള്‍ 44 നടപ്പാക്കാനൂള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡിന്റെ പ്രാധാന്യം സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞതാണ്. നിയമം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാത്തതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ഗോവയാണ് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍ അത് ഞങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam