
ദില്ലി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന്‍റെ മൂന്നാം ഘട്ട പരീക്ഷണ ഫലം പുറത്തുവന്നു. വാക്സീന് 81 ശതമാനം ഫലപ്രാപ്തിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. മൂന്നാംഘട്ട സുരക്ഷാ പരീക്ഷണം പൂർത്തിയാക്കാതെ കൊവാക്സീന് അടിയന്തര അനുമതി നൽകിയതിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. 25800 പേരിൽ നടത്തിയ പരീക്ഷണത്തിൽ വാക്സീൻ 81 ശതമാനം പേരിലും രോഗ പ്രതിരോധശേഷിക്ക് സഹായിക്കുന്നു എന്ന് കണ്ടെത്തി. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡിനും കൊവാക്സീനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. കൊവിഷീൽഡിന് 71 ശതമാനമാണ് ഫലപ്രാപ്തി.
ഇതിനിടെ വാക്സിനേഷന്‍റെ വേഗത കൂട്ടാൻ സമയക്രമത്തിൽ ഇളവ് വരുത്താൻ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. ഇനി മുതൽ ആഴ്ച്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും വാക്സീൻ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഘട്ട വാക്സിനേഷന്‍റെ രണ്ടാം ദിവസം 70 ശതമാനത്തിലേറെ പേർ വാക്സീൻ സ്വീകരിച്ചത് സ്വകാര്യ ആശുപത്രികളിൽ നിന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സീൻ വിതരണം തുടങ്ങാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam