
ദില്ലി: കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ടില്‍ പറയുന്നത്. കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ടും വിലക്കിയേക്കും. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആയതിന് പിന്നാലെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കോക്രോച്ച് ജനത പാർട്ടി. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പെയിന് സിജെപി തുടക്കമിട്ടു. സർക്കാരിൻ്റെ ആവശ്യപ്രകാരം സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വീണ്ടും റദ്ദാക്കിയാൽ കടുത്ത പ്രതിരോധം ഉയർത്തുമെന്നാണ് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്ക്കെ വ്യക്തമാക്കുന്നത്.
രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ ഉണ്ടായ ഡിജിറ്റല്‍ മുന്നേറ്റം. ആ മുന്നേറ്റം മണിക്കൂറുകൾകൊണ്ട് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പേജുകളെ കടത്തി വെട്ടി മുന്നേറി. മേയ് 15ന് ഒരു കോടതി വാദത്തിനിടയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സോഷ്യൽ മീഡിയയിൽ സജീവമായ ചില ഉദ്യോഗസ്ഥരെയും യുവാക്കളെയും പാറ്റകളെന്നും പരാദങ്ങളെന്നും വിശേഷിപ്പിച്ചു. അതിൽ പ്രകോപിതരായവരാണ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറക്കുന്നത്. എക്സ് അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പകരം ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാനും ആരാധകരുടെ തിരക്കാണ്. അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയ കത്തിച്ചിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി.
അഭിജീത് ദിപ്കെ എന്ന യുവാവാണ് ഈ ഡിജിറ്റൽ കാംപെയ്ന് പിന്നിൽ. വിദേശത്ത് ജോലിക്കായി അപേക്ഷിച്ചുകൊണ്ടിരുന്ന അഭിജീത്, രാജ്യത്തെ യുവാക്കൾക്കെതിരെ ഉയർന്ന ഒരു പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഈ സോഷ്യൽ മീഡിയ പേജ് ആരംഭിക്കുന്നത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെയും ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകളെയും ട്രോളുകളിലൂടെയും മീമുകളിലൂടെയും വിമർശിക്കുന്ന ഒരു ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോമാണ് ഇതെന്നാണ് വാദം. ഇൻസ്റ്റഗ്രാമില്‍ ഇപ്പോള്‍ 18 മില്യണ്‍ പേരാണ് സിജെപിയെ പിന്തുടരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam