
ദില്ലി: കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. എന്നാല്‍, അണികൾ കൂട്ടമായി പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ല. ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാൾ നടക്കാനിരിക്കേയാണ് കൂടുതൽ പ്രമുഖർ പിന്തുണ അറിയിക്കുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ദില്ലിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് നടൻ പ്രകാശ്‍രാജും അറിയിച്ചത്. നേരത്തെ നിശ്ചിയിച്ച സിനിമാ ചിത്രീകരണത്തിൽനിന്നും സമയം കണ്ടെത്തി വരാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നത്. കൂടുതൽ പ്രമുഖർ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടികളോടും പ്രതിഷേധത്തിന്റെ ഭാഗമാകാൻ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ കൂട്ടായ്മ രാഷ്ട്രീയ പാർട്ടിയാകില്ലെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങൾ ഏറ്റെടുക്കുമെന്നും സിജെപി വക്താവ് വിജേത ദഹിയ പറഞ്ഞു. കേരളത്തിലും സിജെപിക്ക് ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപകൻ അഭിജിത് ദീപ്കേ ഇനി ഇന്ത്യയിൽ തുടരുമോയെന്ന് വ്യക്തതയില്ല, നടൻ ഫഹദ് ഫാസിലടക്കം കേരളത്തിലെ പ്രമുഖരെയും വക്താവ് സിജെപിയിലേക്ക് ക്ഷണിച്ചു.
അതേസമയം, പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. സിജെപിക്ക് നിർദേശങ്ങളുമായി ശശി തരൂർ എംപി രംഗത്തെത്തി. കേവലം സമൂഹമാധ്യമങ്ങളിലെ മീമുകളിൽ പ്രതിഷേധം ഒതുങ്ങരുത്, പാറ്റകളായി അറിയപ്പെടേണ്ടവരോ പരിഗണിക്കപ്പെടേണ്ടവരോ അല്ല യുവാക്കൾ. ജനപ്രതിനിധികളിലും സംവിധാനങ്ങളിലും നിരന്തരം സമ്മർദം ചെലുത്തണമെന്നും തരൂർ ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam