
ജയ്പൂർ: ശുചീകരണ ക്യാമ്പയിനിൽ പങ്കെടുക്കാനെത്തിയ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ പരിസരത്ത് അടച്ചിട്ടിരുന്ന സ്പായിൽ മിന്നൽ പരിശോധന നടത്തി. ഏതാനും സ്ത്രീകളെയും പുരുഷന്മാരെയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺവാണിഭ കേന്ദ്രമായാണ് സ്പാ പ്രവർത്തിച്ചിരുന്നതെന്ന സംശയത്തെ തുടർന്ന് പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. മറ്റ് തരത്തിലുള്ള അന്വേഷണവും പുരോഗമിക്കുന്നു.
രാജസ്ഥാനിലെ സാദറിലാണ് സംഭവം. കഴിഞ്ഞ മാസം ബാമറിലെ ജില്ലാ കളക്ടറായി ചുമതലയേറ്റ ടീന ദാബിയാണ് പരിശോധന നടത്തിയത്. സാദറിൽ നടന്നുവരികയായിരുന്ന ഒരു ശുചീകരണ ക്യാമ്പയിനിന്റെ പുരോഗതി പരിശോധിക്കാനാണ് ജില്ലാ കളക്ടർ എത്തിയത്. ഇതിനിടെയാണ് പ്രദേശത്ത് ഒരു സ്പായുടെ വാതിലുകൾ അകത്തു നിന്ന് അടച്ചിട്ടിരിക്കുന്ന ശ്രദ്ധയിൽപ്പെട്ടത്. വാതിൽ തുറന്നു പരിശോധിക്കാൻ കളക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ ദീർഘനേരം വാതിലിൽ മുട്ടിയിട്ടും ആരും തുറന്നില്ല.
തുടർന്ന് പൊലീസുകാർ മേൽക്കൂരയിലൂടെ അകത്ത് കടക്കാൻ ശ്രമിച്ചു. ഇതിനിടെ വാതിൽ ബലമായി തുറക്കുകയും ചെയ്തു. സ്പായിൽ നിരവധി ചെറിയ മുറികൾ സജ്ജീകരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഈ സമയം അവിടെയുണ്ടായിരുന്നത്. ഇവരെ സംശയകരമായ സാഹചര്യത്തിൽ പിടികൂടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പെൺവാണിഭം സംശയിച്ച് അഞ്ച് പേരെയും സാദർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് പൊലീസ് പറയുന്നത്. റെയ്ഡും പരിശോധനകളും വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam