
ചെന്നൈ: സംസങ് ഇലക്ട്രോണിക്സ് കമ്പനിയുടെ ചെന്നൈയിലെ ഫാക്ടറിക്ക് മുന്നിൽ നടന്നുവരികയായിരുന്ന തൊഴിലാളി സമരത്തിൽ പങ്കെടുത്ത ഇരുന്നൂറോളം പേരെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ സ്വകാര്യ ഭൂമിയിൽ പ്രവേശിച്ചതിനും അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനുമാണ് നടപടി. ഒരുമാസമായി സംസങ് കമ്പനിയിലെ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുകയാണ്.
തൊഴിലാളി യൂണിയന് അംഗീകാരം നൽകുക, ശമ്പള പരിഷ്കരണം, എട്ട് മണിക്കൂർ ജോലി എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചത്. കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ നിരവധി ആവശ്യങ്ങൾ കമ്പനി അംഗീകരിച്ചു. 5000 രൂപയുടെ ശമ്പള വർദ്ധനവും തൊഴിലാളികൾക്ക് എ.സി ബസ് സൗകര്യവും നൽകാമെന്നും ഏതെങ്കിലും തൊഴിലാളി മരണപ്പെട്ടാൽ ആശ്രിതർക്ക് ഒരു ലക്ഷം രൂപ നൽകാമെന്നും കമ്പനി അറിയിച്ചു. മറ്റ് ആവശ്യങ്ങളിൽ ചർച്ച നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തൊഴിലാളി യൂണിയനെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. തുടർന്ന് പ്രതിഷേധം തുടരുകയായിരുന്നു.
സമരം അവസാനിപ്പിക്കണമെന്ന് തമിഴ്നാട് ധനകാര്യ മന്ത്രി സിഐടിയു നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. തൊഴിലാളികൾ ഒത്തുകൂടിയ സ്ഥലത്തിന്റെ ഉടമയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു എന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ സമരപ്പന്തലുൾപ്പെടെ പൊലീസ് പൊളിച്ചുമാറ്റി. തൊഴിലാളികൾ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
തൊഴിലാളി സമരം സാംസങ് കമ്പനിയുടെ ഉത്പാദനത്തെ നേരത്തെ ബാധിച്ചിരുന്നെങ്കിലും കൂടുതൽ തൊഴിലാളികളെ താത്കാലികമായി ജോലിക്കെടുത്ത് കമ്പനി പ്രശ്നം പരിഹരിച്ചു. അംഗീകൃതമല്ലാത്ത തൊഴിലാളി യൂണിയനുമായി ചർച്ച നടത്തേണ്ട കാര്യമില്ലെന്നും കമ്പനി തൊഴിലാളികളുടെ കമ്മിറ്റിയുമായി മാത്രമേ സംസാരിക്കുകയുള്ളൂ എന്നുമാണ് നേരത്തെ സാംസങ് കമ്പനി അഭിഭാഷകൻ അറിയിച്ചത്. അതേസമയം സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്ന ഡിഎംകെ സർക്കാറിന് ഇപ്പോഴത്തെ തൊഴിലാളി സമരം തലവേദനയാവുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam