
സ്കൂളിലെ വെയ്റ്റിംഗ് റൂമില്‍ വച്ച് ഹിജാബ് (Hijab) മാറ്റിയ ശേഷം ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടകയിലെ (karnataka) സര്‍ക്കാര്‍ കോളേജ്. ശിവമോഗ ജില്ലയിലെ (Visvesvaraya Government College Bhadravathi) ഭദ്രാവതിയിലാണ് ക്ലാസുകളില്‍ ഹിജാബ് ഇല്ലാതെ പ്രവേശിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ഇത്തരത്തില്‍ ക്ലാസില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥിനികളോടും അവരുടെ രക്ഷിതാക്കളോടും സംസാരിച്ച ശേഷമാണ് സമവായ തീരുമാനത്തിലെത്തിയതെന്നാണ് വിശ്വേശരയ്യ സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ എം ജി ഉമാശങ്കര്‍ വിശദമാക്കുന്നത്.
ക്ലാസുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് തീരുമാനം. കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് കോളേജിലെത്തി പ്രതിഷേധിച്ചിരുന്നു. കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജുകളില്‍ യൂണിഫോം സംവിധാനമാണുള്ളത്.ചിക്കമംഗ്ളുരുവിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാവി ഷാളുമായി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ഹിജാബ് ധരിക്കുന്നതിനെതിരെ വിശ്വേശരയ്യ സര്‍ക്കാര്‍ കോളേജിലും പ്രതിഷേധം നടന്നത്.
കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ഹര്‍ജി
കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കർണാടകയിൽ വീണ്ടും ഹിജാബ് ധരിക്കുന്നതിന് വിലക്ക്; 5 വിദ്യാർത്ഥിനികളെ പുറത്താക്കി
കർണാടകയിൽ വീണ്ടും ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്. ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. തീവ്രഹിന്ദു സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. പ്രിന്‍സിപ്പള്‍ നേരിട്ട് എത്തി അഞ്ച് വിദ്യാര്‍ത്ഥിനികളോട് ക്ലാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഉഡുപ്പിയില്‍ കോളേജില്‍ ഹിജാബ് ധരിച്ചവര്‍ക്ക് വിലക്ക്; ക്ലാസില്‍ കയറ്റുന്നില്ല,അറബി,ബ്യാരി ഭാഷകള്‍ക്കും വിലക്ക്
കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടഞ്ഞു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ് വളപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam