ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം നിര്‍ത്തലാക്കണം: ഹര്‍ജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം

By Dhanesh RavindranFirst Published Nov 17, 2022, 6:21 PM IST
Highlights

സുപ്രീം കോടതി ഹൈക്കോടതികളിലും  ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

ദില്ലി: സുപ്രീം കോടതി ഹൈക്കോടതികളിലും  ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിനായി നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്‌സ് കമ്മീഷന്‍  ശക്തിപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. 

ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് കൂടി തുല്യ പങ്കാളിത്തം നല്‍കുന്ന സംവിധാനമാണ് എന്‍ജെഎസി. എന്‍ജെഎസി സുപ്രിംകോടതി തന്നെ നിര്‍ത്തലാക്കി കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയതാണ്. കൊളീജിയം സംവിധാനത്തില്‍ സുതാര്യത ഇല്ലെന്ന ആരോപണമടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് കൊളീജിയത്തിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി ഇപ്പോള്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.

കൊളീജിയം സംവിധാനം അങ്ങേയറ്റം ദുര്‍ഗ്രമാണെന്നും സുതാര്യതയില്ലെന്നുണാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ആരോപിക്കുന്നത്. എന്‍ജെഎസി നിര്‍ത്തലാക്കിയത് ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായിട്ടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൊളീജിയം സംവിധാനം ബന്ധുജന പക്ഷപാതിത്വത്തിന് വഴി തെളിക്കുന്നതാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. എന്‍ജഎസിയെ പാര്‍ലമെന്റില്‍ രാംജത് മലാനി ഒഴികെ മറ്റെല്ലാ എംപിമാരും അനുകൂലിച്ചതാണ്. 

21 സംസ്ഥാന നിയമസഭകളുടെയും അംഗീകാരം ലഭിച്ചു. ജഡ്ജിമാരുടെ സ്ഥലമാറ്റവും നിയമനങ്ങളും നിയമനിര്‍വഹണ സംവിധാനങ്ങളുടെ പരിധിയില്‍ വരേണ്ടതാണ്. അതിനാല്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചു നിന്ന് എന്‍ജെഎസി പുനസ്ഥാപിക്കേണ്ടതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാനുള്ള അവസരം ഉണ്ടാകണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

Read more:  മികവും പരിചയ സമ്പത്തുമുള്ള അധ്യാപകരെ തഴഞ്ഞു: ഹൈക്കോടതി വിധിയിൽ ഉത്തരം മുട്ടി കണ്ണൂര്‍ സര്‍വ്വകലാശാല

ഹര്‍ജി സുപ്രീംകോടതിയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ കൊളീജിയം സംവിധാനം സുപ്രീംകോടതി ഉത്തരവിലൂടെ നിലവില്‍ വന്ന സംവിധാനമാണെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. 1993-ല്‍ ഒന്‍പതംഗ ബെഞ്ചിന്റെ ഉത്തരവിലൂടെ കൊളീജിയം അവതരിപ്പിക്കുന്നത്. അതിനെ ഒരു റിട്ട് ഹര്‍ജി കൊണ്ട് എതിര്‍ക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

click me!