അഫ്താബിനെ കുടുക്കിയത് 300 രൂപയുടെ വാട്ടർ ബില്ല്!, ശ്രദ്ധയുടേത് കൊലയെന്ന് തെളിയിച്ചത് പൊലീസിന്റെ സംശയം

Published : Nov 17, 2022, 05:50 PM IST
അഫ്താബിനെ കുടുക്കിയത് 300 രൂപയുടെ വാട്ടർ ബില്ല്!, ശ്രദ്ധയുടേത് കൊലയെന്ന് തെളിയിച്ചത് പൊലീസിന്റെ സംശയം

Synopsis

പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വനപ്രദേശത്ത് ഉപേക്ഷിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്തെ തന്നെ ഞെട്ടിച്ച ക്രൂരതയുമായി ബന്ധപ്പെട്ട വാർത്തകൾ ഓരോന്നും ഓരോ നിമിഷവും ഞെട്ടിക്കുന്നതുമായിരുന്നു. 

ദില്ലി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വനപ്രദേശത്ത് ഉപേക്ഷിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്തെ തന്നെ ഞെട്ടിച്ച ക്രൂരതയുമായി ബന്ധപ്പെട്ട വാർത്തകൾ ഓരോന്നും ഓരോ നിമിഷവും ഞെട്ടിക്കുന്നതുമായിരുന്നു. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിലും ഇത്തരം ട്വിസ്റ്റുകളും ഞെട്ടലുമൂണ്ടെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.  ശ്രദ്ധ എന്ന പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയ അഫ്താബിനെ കുടുക്കുകയും, ഇയാൾക്കെതിരെ തെളിവാവുകയും ചെയ്തതിൽ പ്രധാനം ഒരു വാട്ടർ ബില്ലാണെന്നാണ് പൊലീസ് പറയുന്നത്.

ആദ്യ ഘട്ടത്തിൽ അഫ്താബിനെ ചോദ്യം ചെയ്തപ്പോൾ ശ്രദ്ധ ഫ്ലാറ്റിൽ നിന്ന് പോയെന്നും താൻ തനിച്ചാണ് താമസിക്കുന്നത് എന്നുമായിരുന്നു അഫ്താബ് പൊലീസിന് നൽകിയ മൊഴി. എന്നാൽ ദില്ലിയിൽ ഒറ്റയ്ക്ക് ഒരാൾ താമസിക്കുന്ന വീട്ടിൽ എങ്ങനെ 300 രൂപ വാട്ടർ ബില്ല് വന്നു എന്നതായിരുന്നു പൊലീസിന് സംശയമുണ്ടാക്കിയത്. തുടർന്നായിരുന്നു ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്തുവരികയുമായിരുന്നു.

ദില്ലിയിൽ മാസം 20000 ലിറ്റർ വരെ  ഉപയോഗിക്കുന്നവർക്ക് വെള്ളം സൌജന്യമാണ്. ഇത്രയും വെള്ളത്തിൽ കൂടുതൽ ഒരു ചെറു കുടുംബത്തിന് ആവശ്യം വരില്ല എന്നതിനാൽ പലർക്കും വെള്ളത്തിന് ബിൽ അടയ്ക്കേണ്ടി വരാറില്ല. അഫ്താബിന്റെ ഒഴികെയുള്ള എല്ലാ നിലകളുടെയും വാട്ടർ ബിൽ പൂജ്യം ആണെന്ന് അയൽ ഫ്ലാറ്റുകളിലുള്ളവർ പൊലീസിനെ അറിയിച്ചിരുന്നു.

എന്നാൽ ഒരാൾ മാത്രമുള്ള ഫ്ലാറ്റിൽ 300 രൂപയുടെ ബില്ല് വന്നത് സംശയത്തിന് കാരണമായി. കൊലയ്ക്ക് ശേഷം ശരീരഭാഗങ്ങൾ മുറിച്ചത് വൃത്തിയാക്കാനും  രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കഴുകാനുമടക്കം  അഫ്താബ് കൂടുതൽ വെള്ളം ഉപയോഗിച്ചതും,  ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ പൈപ്പ് തുറന്നതും ആകാം  ബില്ലിന് കാരണമെന്ന് പൊലീസ് കരുതുന്നു.  അതേസമയം ശ്രദ്ധയുടെയും അഫ്താബിന്റെയും പേരിലായിരുന്നു വാടക കരാർ എഴുതിയതെന്ന് ഫ്ലാറ്റുടമ അറിയിച്ചു. കൃത്യസമയത്തിനുള്ളിൽ വാടക ഓൺലൈനായി എത്തുന്നതിനാൽ ഫ്ലാറ്റിലേക്ക് പോകേണ്ടി വരാറില്ലെന്നും ഫ്ലാറ്റുടമ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം ശ്രദ്ധ ജീവിച്ചിരിക്കുന്നുവെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ അവളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാൻ ശ്രദ്ധയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അഫ്താബ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. മെയ് 31-ലെ ചാറ്റുകള്‍ നടത്തുമ്പോഴും ഫോണിന്റെ സ്ഥാനം വീണ്ടും മെഹ്‌റൗളിയാണെന്ന് കാണിച്ചതായി പൊലീസ് കണ്ടെത്തി. ഇതോടെ അഫ്താബിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. മഹാരാഷ്ട്ര പൊലീസിന്‍റെ നിര്‍ദേശ പ്രകാരം ദില്ലി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. 

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സുപ്രധാന ചോദ്യം പൊലീസ് ഉന്നയിച്ചത്,  മെയ് 22 ന് ശ്രദ്ധ അഫ്താബിനെ ഉപേക്ഷിച്ച് പോയെങ്കില്‍ അവളുടെ ഫോണ്‍ ഇപ്പോഴും മെഹ്‌റൗളി തന്നെ വരുന്നത് എന്ത് കൊണ്ട് ?, ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മുന്നിലേക്ക് ഇട്ടതോടെ അഫ്താബ് പൂനാവാലയുടെ നിയന്ത്രണം തെറ്റി. അയാള്‍ പൊട്ടിത്തെറിച്ചു. വിചിത്രമായ വിശദീകരണങ്ങള്‍ നല്‍കാന്‍ തുടങ്ങി.  ഒരോ തെളിവുകളായി പൊലീസ് നിരത്തിയതോടെ അയാള്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു. 

മൃതദേഹം കഷണങ്ങളാക്കി  ഉപേക്ഷിച്ച വനപ്രദേശത്ത്  പ്രതി അഫ്താബിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി . സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.  ഇതിനിടെ  ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം അഫ്താബ് ഇടക്കിടെ എടുത്തുനോക്കുമായിരുന്നു എന്നത് അടക്കമുള്ള  ഞെട്ടിക്കുന്ന വിശദാംശങ്ങളും പുറത്ത് വന്നിരുന്നു.

ശ്രദ്ധയെ കൊലപ്പെടുത്തതിന് ദിവസങ്ങൾക്ക്  മുൻപാണ് അഫ്താബ് ദില്ലി  ഛത്തർപൂരിലെ ഫ്ലാറ്റ് വാടകക്കെടുത്തത്. ഇത് കൊലപ്പെടുത്താനുള്ള ഉദ്ദേശം വച്ചാണോയെന്നാണ് ഗൂഢോലോചന സംശയം നിലനി‍ർത്തി പൊലീസ് അന്വേഷിക്കുന്നത്. സ്ഥിരമായി വഴക്കുണ്ടാക്കുമായിരന്ന ശ്രദ്ധയും അഫ്താബും തമ്മിൽ കൊലപാതക ദിവസവും വഴക്ക് കൂടിയിരുന്നതായി പൊലീസ് പറയുന്നു.  കൊലയ്ക്ക് ശേഷം  അറക്കവാൾ ഉപയോഗിച്ചാണ്  ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കിയത്. ശ്രദ്ധയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്പോഴും അഫ്താബ് അതേ മുറിയിൽ തന്നെ  താമസിച്ചു.  സൾഫ‍ർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ചാണ് മുറിയിലെ ചോരക്കറ  ഇല്ലാതാക്കിയത്. ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം ഇടക്കിടെ എടുത്തുനോക്കുമായിരുന്നുവെന്നും പൊലീസിനോട് പ്രതി പറഞ്ഞതായാണ് വിവരം.

Read more:  വെട്ടിമുറിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കിണറ്റില്‍; തലയില്ല, കൊല്ലപ്പെട്ടത് 22കാരി

ഛത്ത‍ർപൂരിലെ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ ശ്രദ്ധയുടെതാണെോയെന്ന് ഉറപ്പിക്കാൻ അന്വേഷണസംഘം ഡിഎൻഎ പരിശോധന നടത്തും. മേയിൽ കൊലപാതകം നടന്നെങ്കിലും ജൂൺവരെ പ്രതി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച്  ജീവനോടെയുണ്ടെന്ന് വരുത്തി തീർക്കാനും ശ്രമിച്ചിരുന്നതായും വിവരമുണ്ട്.. ശ്രദ്ധയുമായി അടുത്ത അതേ ഡേറ്റിങ് ആപ്പിലൂടെ   പരിചയപ്പെട്ട   മറ്റൊരു പെണ്‍കുട്ടിയേയും കൊലക്ക് ശേഷം അഫ്താബ് ഫ്ലാറ്റിൽ കൊണ്ടുവന്നിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി