കേണൽ സന്തോഷ് ബാബുവിന്‍റെ കുടുംബത്തിന് 5 കോടി രൂപ സഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

By Web TeamFirst Published Jun 19, 2020, 8:01 PM IST
Highlights

സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും, വീട് വയ്ക്കാൻ സ്ഥലവും നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ചന്ദ്രശേഖർ റാവു നേരിട്ട് തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബെംഗളൂരു: ചൈനീസ് അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ സഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും, വീട് വയ്ക്കാൻ സ്ഥലവും നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ചന്ദ്രശേഖർ റാവു നേരിട്ട് തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചൈനീസ് അക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സർക്കാർ നൽകും. 

തെലങ്കാന സൂര്യപേട്ട സ്വദേശിയായിരുന്നു കേണൽ സന്തോഷ് ബാബു. ദില്ലിയിൽ താമസിക്കുന്ന ഭാര്യ സന്തോഷിയും രണ്ട് മക്കളടങ്ങുന്ന കുടുബത്തെ നേരത്തെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുൾപ്പെടെ സജീവ സാന്നിധ്യമായിരുന്നു കേണൽ സന്തോഷ് ബാബു. 

വരുന്ന രണ്ട് ദിവസവും തിരക്കിലായിരിക്കുമെന്നും രണ്ട് മാസത്തിനുളളിൽ എല്ലാം ശാന്തമാകുമെന്നുമായിരുന്നു അവസാന ഫോൺ വിളിയിൽ സന്തോഷ് ബാബു ഭാര്യ സന്തോഷിയോട് പറഞ്ഞത്. 

ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. 

click me!