അടുത്ത 25 വര്‍ഷങ്ങള്‍ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്‍റെയും തപസിന്‍റെയും കാലമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Jan 20, 2022, 5:48 PM IST
Highlights

സ്വാതന്ത്ര്യാനന്തരമുള്ള കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ രാജ്യത്ത് കടമകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത വര്‍ധിച്ചു. ഇക്കാലയളവില്‍ നാം അവകാശങ്ങളെക്കുറിച്ച് തര്‍ക്കത്തിലേര്‍പ്പെടാന്‍ മാത്രമാണ് സമയം ചെലവഴിച്ചത്. ഇന്ത്യയുടെ ശക്തി ക്ഷയിപ്പിക്കുന്നതിന് കടമകള്‍ പൂര്‍ണമായി മറന്നത് കാരണമായിട്ടുണ്ടെന്നും പ്രധാനമന്ത്രി

അടുത്ത 25 വര്‍ഷങ്ങള്‍ അങ്ങേയറ്റം കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസിന്റെയും കാലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (P M Narendra Modi). നൂറുകണക്കിന് വര്‍ഷങ്ങളുടെ അടിമത്തത്തെത്തുടര്‍ന്ന് നമ്മുടെ രാജ്യത്തിന് നഷ്ടമായവ തിരിച്ചു പിടിക്കാനുള്ള കാലഘട്ടമാണ് ഈ 25 വര്‍ഷങ്ങളെന്നാണ് പ്രധാനമന്ത്രി വിശദമാക്കുന്നത്. സ്വാതന്ത്ര്യാനന്തരമുള്ള കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ രാജ്യത്ത് കടമകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ നാം അവകാശങ്ങളെക്കുറിച്ച് തര്‍ക്കത്തിലേര്‍പ്പെടാന്‍ മാത്രമാണ് സമയം ചെലവഴിച്ചത്. അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു പരിധി വരെ ശരിയാണ്. എന്നാല്‍ ഇന്ത്യയുടെ ശക്തി ക്ഷയിപ്പിക്കുന്നതിന് കടമകള്‍ പൂര്‍ണമായി മറന്നത് കാരണമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ  നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ലോകം ഇരുട്ടിലാണ്ട മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ പന്ന ദായ്, മീരാഭായി പോലുള്ള കരുത്തുറ്റ വനിതകളുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലും നിരവധി സ്ത്രീകള്‍ ജീവത്യാഗം ചെയ്തു. കിറ്റൂരിലെ റാണി ചെന്നമ്മ, മാതംഗിനി ഹസ്ര, റാണി ലക്ഷ്മീ ഭായി, വീരാംഗന ജല്‍ക്കാരി ഭായി തുടങ്ങിയ സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളില്‍ സജീവമായിരുന്നു. അഹല്യാ ഭായി ഹോള്‍ക്കറും സാവിത്രി ഭായി ഫൂലെയും ഇന്ത്യയുടെ തനത് വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചവരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സായുധ സേനകളിലെ സ്ത്രീപ്രവേശം, പ്രസവാവധി കാലയളവ് വര്‍ധിപ്പിക്കല്‍, വോട്ടെടുപ്പിലും മന്ത്രിസഭയിലും മറ്റുമുള്ള കൂടിയ പങ്കാളിത്തം എന്നിവ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങള്‍ സമൂഹത്തില്‍ പ്രകടമായ പുരോഗതിയുണ്ടാക്കിയതായും സ്ത്രീപുരുഷാനുപാതം പുരോഗമനപരമായ നിലയിലേക്ക് മാറുന്നതായും പ്രധാനമന്ത്രി നിരീക്ഷിച്ചു. രാഷ്ട്രീയത്തിന്‍റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമങ്ങളേക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുന്നതായും പ്രധാനമന്ത്രി വിശദമാക്കി. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

click me!