ബാലറ്റ് പേപ്പര്‍ വേണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജില്‍ ക്യാംപെയിന്‍

By Web TeamFirst Published May 26, 2019, 11:05 AM IST
Highlights

വോട്ടിംഗ് മെഷിനില്‍ തിരിമറി നടന്നിരിക്കാമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കര്‍ രംഗത്തെത്തിയിരുന്നു.

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജില്‍ ക്യാംപെയിനുമായി ഒരുകൂട്ടര്‍. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത് പ്രതിപക്ഷത്തെ അനുകൂലിക്കുന്നവരാണ്. ബിജെപി 303 സീറ്റ് നേടിയ അന്തിമ ഫലം പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റിന് കീഴെയാണ് പ്രചാരണം.

ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ മാറ്റി പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്നാണ് ക്യാംപെയിനില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നത്. അമേരിക്ക പോലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഇവര്‍ ചൂണ്ടികാട്ടുന്നുണ്ട്.

വോട്ടിംഗ് മെഷിനില്‍ തിരിമറി നടന്നിരിക്കാമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കര്‍ രംഗത്തെത്തിയിരുന്നു.

അതേ സമയം വിവിപാറ്റ് എണ്ണി തീര്‍ന്നപ്പോള്‍ വോട്ടും വിവിപാറ്റും തമ്മിലുള്ള കണക്ക് കൃത്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 22.3  ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്, 17.3 ലക്ഷം വിവിപാറ്റ് മീഷെനുകളുമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ആകെ 90 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഈ വിവിപാറ്റ് മെഷീനുകളില്‍ നിന്നും എണ്ണിയത് 20,625 വിവിപാറ്റ് സ്ലിപ്പുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എണ്ണിയത്. നേരത്തെ  4,125 സ്ലിപ്പുകളാണ് എണ്ണാന്‍ ഇരുന്നതെങ്കിലും ഇത് പിന്നീട് സുപ്രീംകോടതി നിര്‍ദേശത്താല്‍ ഉയര്‍ത്തുകയായിരുന്നു.

വിവിപാറ്റ് എണ്ണിയതിന് ശേഷം വിവിപാറ്റ് എണ്ണവും മീഷെനില്‍ രേഖപ്പെടുത്തിയ വോട്ടും തമ്മില്‍ വ്യത്യാസം ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. വിവിപാറ്റും വോട്ടും തമ്മില്‍ ഒരു സ്ഥലത്തും പൊരുത്തക്കേട് ഉണ്ടായില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. 

click me!