തമിഴ്നാട്ടില്‍ ജാതി സംഘര്‍ഷം; അംബേദ്കറുടെ പ്രതിമ തകര്‍ത്തു

By Web TeamFirst Published Aug 26, 2019, 1:08 PM IST
Highlights

അംബേദ്കറുടെ പ്രതിമ തകര്‍ത്തതിന് എതിരെ തമിഴ്നാട്ടില്‍ ഉടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കോയമ്പത്തൂരിലും തിരുച്ചിറപ്പള്ളിയിലും തമിഴ്നാട് ബസിന് നേരെ കല്ലേറുണ്ടായി

വേദാര്യണ്യം: തമിഴ്നാട്ടിലെ വേദാര്യണത്ത് ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ച ദളിത് സംഘടനാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങള്‍ക്കിടെ വേദാര്യണത്ത് ദളിത് സംഘടനകള്‍ അംബേദ്കറുടെ പുതിയ പ്രതിമ സ്ഥാപിച്ചു.

ഞയറാഴ്ച്ച വൈകിട്ട് ദളിത് യുവാവിനെ മുന്നോക്ക വിഭാഗത്തിലെയാള്‍ ഓടിച്ച വാഹനം ഇടിച്ചതോടെ തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. പരിക്കേറ്റ ദളിത് യുവാവിന്‍റെ സുഹൃത്തുക്കള്‍ വാഹനം ഓടിച്ചയാളെ കൈയ്യേറ്റം ചെയ്തു. പിന്നാലെ മുന്നോക്ക വിഭാഗത്തിലെയാളുകള്‍ ദളിത് യുവാക്കളെ ആക്രമിച്ചു.

രാത്രിയോടെ സംഘര്‍ഷം കനത്തു. മുന്നോക്ക വിഭാഗക്കാരുടെ വാഹനത്തിന് ദളിത് വിഭാഗം തീയിട്ടു. ഇതിന് പിന്നാലെയാണ് വേദാര്യണത്ത് അംബേദ്കറുടെ പ്രതിമ മുന്നോക്ക വിഭാഗക്കാര്‍ എത്തി തകര്‍ത്തത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലെയും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അംബേദ്കറുടെ പ്രതിമ തകര്‍ത്തതിന് എതിരെ തമിഴ്നാട്ടില്‍ ഉടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കോയമ്പത്തൂരിലും തിരുച്ചിറപ്പള്ളിയിലും തമിഴ്നാട് ബസിന് നേരെ കല്ലേറുണ്ടായി. അണ്ണാശാലയില്‍ പ്രതിഷേധിച്ച ദളിത് സംഘടനാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മുന്നോക്ക വിഭാഗം പ്രതിമ തകര്‍ത്ത അതേ സ്ഥലത്ത് ദളിത് സംഘടനകള്‍ അംബേദ്കറുടെ പുതിയ പ്രതിമ സ്ഥാപിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേദാര്യണത്ത് ഡിഐജിയുടെ നേതൃത്വത്തില്‍ 400 പൊലീസുകാരെ അധികം വിന്യസിച്ചിട്ടുണ്ട്.

click me!