
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മോമിന്‍പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മയൂർഭഞ്ച് പ്രദേശത്തെ നിരവധി വീടുകള്‍ കൊള്ളയടിക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി മീലാദ് ഉൻ-നബിക്ക് സ്ഥാപിച്ച മതപതാകകൾ നശിപ്പിച്ചതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിറ്റേന്ന് രാത്രി മയൂര്‍ഭഞ്ച്, ഭൂകൈലാഷ് റോഡുകളിലെ നിരവധി വീടുകള്‍ ഒരു സംഘം ആളുകള്‍ അടിച്ച് തകര്‍ത്തു. ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ ആളുകള്‍ ഏക്ബൽപൂർ പൊലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു.
പ്രദേശത്ത് സംഘർഷമുണ്ടാക്കിയതിന് 38 പേരെ കസ്റ്റഡിയിലെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാർ ഉൾപ്പെടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ അക്രമ ബാധിത പ്രദേശം സന്ദര്‍ശിക്കുകയായിരുന്ന മജുംദാറിനെ പൊലീസ് തടഞ്ഞ് നിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സംസ്ഥാന ബിജെപി ആരോപിച്ചു. മോമിൻപൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യ, സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മമതയുടെ ഭരണത്തിന്‍ കീഴിയില്‍ വർഗീയ കലാപങ്ങൾ സാധാരണമായിരിക്കുകയാണെന്ന് അമിത് മാളവ്യ ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൗമ്യ റോയ് ഉൾപ്പെടെ നിരവധി പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റു. തെരുവുകള്‍ കലാപ സമാനമായതിന്‍റെ ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കലാപകാരികള്‍ ബോംബുകളും ഇഷ്ടികകളും എറിയുകയാണെന്നും പൊലീസുകാര്‍ പോലും ഓടിപോവുകയാണെന്നും ബിജെപി നേതാവ് പ്രീതം സുര്‍ ട്വിറ്ററില്‍ കുറിച്ചു.മമത ബാനർജിയുടെ ആഭ്യന്തര മന്ത്രിയുടെ കീഴിൽ കൊൽക്കത്ത തീർത്തും സുരക്ഷിതമല്ലാതായെന്നും വർഗീയ കലാപങ്ങൾ സാധാരണമായിരിക്കുന്നുവെന്നും അമിത് മാളവ്യ ട്വറ്റില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam