
ബെംഗളൂരു: ബെല്ലന്ദൂരിലെ ടെക് പാർക്കിൽ യുഎസ് ആസ്ഥാനമായ കമ്പനിക്ക് നേരെ വ്യാജ ബോംബ് ഭീഷണി നടത്തിയ മലയാളി യുവാവ് പിടിയിൽ. സ്ഥാപനത്തിലെ മുൻ സീനിയർ അസോസിയേറ്റായിരുന്ന പ്രസാദ് നവനീതിനെയാണ് കസ്റ്റഡിയിലെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് ആൻഡ് അഡ്വൈസറി സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു 25-കാരനായ പ്രസാദ്. മോശം പ്രകടനത്തിന്റെ പേരിൽ പ്രസാദിനോട് കമ്പനി രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഓഫീസിലേക്ക് വരുന്നതും ബന്ധപ്പെടുന്നതും തടയുകയും ചെയ്തു.
ചൊവ്വാഴ്ച പലതവണ കമ്പനി ലാൻഡ് ഫോണിൽ വിളിച്ചെങ്കിലും ജീവനക്കാർ കോളുകൾ അധികൃതർക്ക് കണക്ട് ചെയ്യാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ പ്രസാദ്, ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിൽ ബോംബ് വച്ചതായും അത് അടുത്ത മിനിറ്റുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നും പറഞ്ഞു. ഭീഷണി കോൾ കിട്ടിയതിന് പിന്നാലെ കമ്പനി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്‌ക്വാഡും അടക്കമുള്ള പൊലീസ് സംഘം ടെക് പാർക്കിൽ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്തിയില്ല. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ടെക് പാർക്കിലെ 500 -ഓളം ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി തുടരാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ ഇത് വ്യാജ സന്ദേശമാണെന്ന് തെളിയുകയായിരുന്നു.
Read more: 'പെട്ടെന്ന് ഡിവൈഡറിലേക്ക് കയറുമെന്ന് തോന്നി, ചെറിയ ഗ്യാപ്പുണ്ടായിരുന്നു'; പാലക്കാടെ അപകടത്തെ കുറിച്ച് ഡ്രൈവർ
ഈസ്റ്റ് ബെംഗളൂരുവിലെ ബയപ്പനഹള്ളിയിലാണ് മലയാളിയായ പ്രസാദ് താമസിച്ചിരുന്നത്. ഇയാൾക്കെതിരെ കോടതിയുടെ അനുമതി തേടി എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് പിന്നാലെ പ്രസാദ് വലിയ മാനസിക സംഘർഷത്തിലായിരുന്നു എന്നും രാജി ആവശ്യപ്പെട്ടതിന് ശേഷം ഇയാൾ ജോലിക്കെത്തിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.