
ബെംഗളൂരു: കമ്പനി ഡയറക്ടര്‍മാരെ പരിഹസിച്ചെന്നാരോപിച്ച് ഇന്‍ഫോസിസ് സിഇഒയ്ക്കെതിരെ പരാതി. സ്വതന്ത്ര ഡയറക്ടര്‍മാരായ സി സുന്ദരം, ഡി എന്‍ പ്രഹ്ളാദ് എന്നിവരെ ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് മദ്രാസികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കമ്പനിയില്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് പേര് വെളിപ്പെടുത്താത്ത ചില ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന മദ്രാസി എന്ന വാക്ക് സിഇഒ ഡയറക്ടര്‍മാരെ വിളിച്ചെന്ന് പരാമര്‍ശിക്കുന്നത്. ബയോകോണ്‍ കമ്പനിയുടെ ചെയര്‍പേഴ്സണായ കിരണ്‍ മജുംദാര്‍ ഷായെ 'ദിവ' എന്ന് വിളിച്ചതായും സലില്‍ പരേഖിനെതിരെ ആരോപണമുണ്ട്. 'സൗന്ദര്യറാണി', 'ദേവത' എന്നൊക്കെയാണ് 'ദിവ' എന്ന വാക്കിന്‍റെ അര്‍ത്ഥം. ഇന്‍ഫോസിസിന്‍റെ പത്തംഗ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് കിരണ്‍ മജുംദാര്‍.
സെപ്തംബര്‍ 20-ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കൈമാറിയ കത്തില്‍ സലില്‍ പരേഖിനെതിരെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലാഞ്ജന്‍ റോയിക്കെതിരെയും അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവരുടെ മെയിലുകളില്‍ നിന്നും ഫോണ്‍ സന്ദേശങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും കത്തില്‍ ജീവനക്കാര്‍ പറയുന്നു. ജീവനക്കാരുടെ ആരോപണങ്ങള്‍ ഓഡിറ്റ് കമ്മറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയങ്ങള്‍ക്ക് അനുസരിച്ച് നടപടിയുണ്ടാകുമെന്നും ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam