
മുസഫര്‍പൂര്‍: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പരമോന്നത ഭരണഘടനാ അധികാരത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് പരാതി. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നു എന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശം ഇതിനോടകം വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.
മുസഫര്‍പൂര്‍ സ്വദേശിയായ സുധീര്‍ ഓജ എന്ന അഭിഭാഷകന്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിട്ടുള്ളത്. ശനിയാഴ്ച നല്‍കിയ പരാതിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയെയും കൂടി പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
"പാവം സ്ത്രീ. പ്രസിഡന്‍റ് വായിച്ച് തളര്‍ന്നു. ഒടുവില്‍ സംസാരിക്കാന്‍ നന്നേ ബുദ്ധി മുട്ടി" എന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് രാഷ്ട്രപതി ഭവന്‍ വാര്‍ത്താ കുറിപ്പിറക്കിയിരുന്നു. രാഷ്ട്രപതി ഭവന്‍റെ അന്തസിന് മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ്. പ്രസംഗത്തിലെവിടെയും തളര്‍ച്ച തോന്നിയിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ തളര്‍ച്ച തോന്നില്ല. പ്രതികരണം ഒഴിവാക്കാമായിരുന്നു എന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ 'രാജകുടുംബം' അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറ്റപ്പെടുത്തി. എന്നാല്‍ രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. എന്നാൽ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതെ ബിജെപിയാണ് രാഷ്ട്രപതിയെ അപമാനിച്ചതെന്നായിരുന്നു കോൺഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. വിഷയത്തില്‍ ബിജെപി ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം