
ഭോപ്പാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് വിവാദ നായകൻ കമ്പ്യൂട്ടർ ബാബ. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി പങ്കെടുത്തത്. മുൻമുഖ്യമന്ത്രി കമൽനാഥും യാത്രയിൽ പങ്കെടുത്തു. 2018ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു ഇയാൾ. യാത്രയുടെ 87ാം ദിനത്തിലായിരുന്നു കമ്പ്യൂട്ടർ ബാബയും യാത്രയിൽ പങ്കാളിയായത്.
അതേസമയം, യാത്രയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധിക്കൊപ്പം നടന്ന അധ്യാപകനെ സർക്കാർ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശ് ഭർവാനി ജില്ലയിലെ അധ്യാപകനാണ് സസ്പെൻഷനിലായത്. പ്രമൈറി സ്കൂൾ അധ്യാപകനായ രാജേഷ് കന്നൗജിനെയാണ് യാത്രയിൽ പങ്കെടുത്തതിന്റെ സർവീസ് ചട്ടം ലംഘിച്ചു എന്നാരോപിച്ച് അധികൃതർ സസ്പൻഡ് ചെയ്തത്. നവംബർ 24ന് യാത്ര ധർ ജില്ലയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അധ്യാപകൻ രാഹുലിനും പ്രിയങ്കക്കും ഒപ്പം നടന്നത്. ചിത്രങ്ങൾ വൈറലായതോടെയാണ് അധികൃതർ സംഭവം അറിഞ്ഞത്. ആദിവാസി നേതാവിനൊപ്പം പ്രദേശത്തെ പ്രശ്നങ്ങൾ രാഹുലിന് മുന്നിൽ അവതരിപ്പിക്കാനാണ് പോയതെന്നും അദ്ദേഹത്തിന് അമ്പും വില്ലും സമ്മാനമായി നൽകിയെന്നും അധ്യാപകൻ പറഞ്ഞു.
ഭാരത് ജോഡോ യാത്രയെ ഭയക്കുന്നതുകൊണ്ടാണ് ബിജെപി സർക്കാർ അധ്യാപകനെതിരെ നടപടി എടുത്തതെന്നും ബിജെപി പരിപാടിയിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം, പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണയും യാത്രയുടെ ഭാഗമായേക്കും. കഴിഞ്ഞ ദിവസം ബോളിവുഡ് നടി സ്വര ഭാസ്കറും ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായിരുന്നു. ജോഡോ യാത്ര നടക്കുന്നതിനാൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഏഴിന് തുടങ്ങുന്ന ശീതകാല പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. യാത്ര അടുത്ത ദിവസം രാജസ്ഥാനിലെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam