ഈ വര്‍ഷത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍; കേന്ദ്രം സുപ്രീംകോടതിയില്‍

By Web TeamFirst Published May 31, 2021, 12:54 PM IST
Highlights

വാക്സിന്‍റെ ആഭ്യന്തര ഉത്പാദനം രാജ്യത്തിലെ കൊവിഡ് വാക്സിനുകളുടെ ആവശ്യത്തിന് പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാറിന് വേണ്ടി ഹാജറായത്. 

ദില്ലി: 2021 അവസാനിക്കുന്നതോടെ രാജ്യത്തെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ എടുത്ത കേസിലെ വാദം നടക്കുന്നതിനിടെയാണ് വാക്സിനേഷന്‍ സംബന്ധിച്ച് ആത്മവിശ്വസമുണ്ടെന്ന കാര്യം കേന്ദ്രം അറിയിച്ചത്. 

വാക്സിന്‍റെ ആഭ്യന്തര ഉത്പാദനം രാജ്യത്തിലെ കൊവിഡ് വാക്സിനുകളുടെ ആവശ്യത്തിന് പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാറിന് വേണ്ടി ഹാജറായത്. 

അതേ സമയം, 'ഈ ദേശീയ അടിയന്തര ഘട്ടത്തില്‍, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് ഒട്ടാകെ വാക്സിന്‍ നല്‍കണം. സംസ്ഥാനങ്ങള്‍ ആപത്ത്ഘട്ടത്തിലാണ്, നിങ്ങള്‍ അവരോട് ആഗോളതലത്തില്‍ വാക്സിന്‍ ലഭിക്കാന്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് അവരോട് വ്യക്തമാക്കണം. എങ്കിലെ ഇതില്‍ ഒരു വ്യക്തതവരൂ, സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കുന്ന മൂന്നാംഗ ബെഞ്ച് പറ‍ഞ്ഞു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എല്‍എന്‍ റാവു, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങുന്നതാണ് ബെഞ്ച്.

click me!