
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ തേങ്നൗപൽ കാക്ചിങ് ജില്ലകളിലാണ് സംഘർഷമുണ്ടായത്. സുരക്ഷാ സേനക്കെതിരെ മെയ്തി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. വെടിവെയ്പ്പിൽ രണ്ടു പേർ മരിച്ചു, 50 പേർക്ക് പരിക്കേറ്റു. ഇവിടെ നിലവിലും സംഘർഷസാഹചര്യം തുടരുകയാണ്. മെയ്തെ വിഭാഗമാണ് സംഘർഷമുണ്ടായതെന്ന് കുക്കികളും കുക്കികളാണ് സംഘർഷമുണ്ടാക്കിയതെന്ന് മെയ്തെ വിഭാഗങ്ങളും ആരോപിച്ചു.
അതിനിടെ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കൽ എന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. മെയ്തെയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെയാണ് സർക്കാർ ഒഴിപ്പിച്ചത്.
10 കുടുംബങ്ങളിലെ 24 പേരെ കുക്കി മേഖലയായ ക്യാങ്ങ്പോപ്പിയിലേക്കാണ് മാറ്റിയത്. സംഘർഷത്തിന് പിന്നാലെ ഇവരുടെ വീടുകൾക്ക് നേരത്തെ കേന്ദ്രസേന കാവൽ ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ അടക്കം ഒഴിപ്പിച്ചവരിൽ ഉൾപ്പെടും. മുൻകൂട്ടി അറിയിക്കാതെ നിർബന്ധിതമായി മാറ്റിയെന്ന് താമസക്കാർ പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്റാങ്ങിലെ നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. നരൻസീനയിൽ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘർഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാർ ഉൾപ്പെടെ ഏഴ് പേർക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്. അതിനിടെ സംഘർഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികൾ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. ഈ മാസം 21 വരെ 'കറുത്ത സെപ്തംബർ' ആചരിക്കാനാണ് തീരുമാനം.
"സൂക്ഷിക്കണം, അപ്പുവിനെയും അച്ചുവിനെയും മാറിപ്പോകരുത്.." മുന്നറിയിപ്പുമായി എംവിഡി!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam