
ദില്ലി: രാജ്യത്താകെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് കനത്ത നഷ്ടം. മുമ്പ് പാർട്ടിക്കാധിപത്യമുണ്ടായിരുന്ന ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലും ഇപ്പോൾ ഭരിക്കുന്ന കേരളത്തിലും തോൽവിയറിഞ്ഞു. മത്സരിച്ച നാല് സീറ്റിലും സിപിഎമ്മിന് തോൽവിയായിരുന്നു ഫലം. ത്രിപുരയിൽ ശക്തികേന്ദ്രത്തിലടക്കം കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയാണ് പാർട്ടിയെ ഞെട്ടിച്ചത്. ബിജെപി തരംഗങ്ങളിൽപ്പോലും ഇളകാതെ കാത്ത കോട്ടയായ ബോക്സാനഗറിലാണ് സിപിഎമ്മിന് അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങേണ്ടി വന്നത്. ത്രിപുരയിലെ മറ്റൊരു മണ്ഡലമായ ധൻപൂരിലും സിപിഎം പരാജയപ്പെട്ടു.
രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സിപിഎമ്മും തമ്മിലാണ് മത്സരം നടന്നത്. കോണ്‍ഗ്രസും തിപ്ര മോത്തയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. സിപിഎമ്മിനായി മിയാന്‍ ഹുസൈൻ (ബോക്സാനഗർ), കൗശിക് ചന്ദ (ധൻപൂർ) എന്നിവരാണ് പരാജയം രുചിച്ചത്. സിറ്റിംഗ് സിപിഎം എംഎൽഎ ഷംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ധൻപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എമ്മിനായി പോരാട്ടത്തിനിറങ്ങിയത്. ത്രിപുരയിലെ ബോക്സാനഗറില്‍ സി പി എമ്മിന്‍റെ എം എം എൽ എ ആയിരുന്ന ഷംസുല്‍ ഹഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഷംസുല്‍ ഹഖിന്‍റെ മകൻ മിയാന്‍ ഹുസൈനാണ് സി പി എമ്മിന് വേണ്ടി മത്സരിച്ചത്.
ബോക്സനഗറിലും ധൻപ്പൂരിലും സിപിഎം സ്ഥാനാർത്ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബിജെപിയെ സംബന്ധിച്ചടുത്തോളം ധൻപ്പൂരിലെയും ബോക്സാനഗറിലെയും വിധി നിർണായകമായിരുന്നു. 66 ശതമാനത്തോളം ന്യൂനപക്ഷ വോട്ടർമാരുള്ള ബോക്സാനഗർ മണ്ഡലത്തിലെ തോൽവിയാണ് സിപിഎമ്മിനെ ഞെട്ടിച്ചത്. സിപിഎമ്മിന്റെ കോട്ടയായിട്ടായിരുന്നു മണ്ഡലം അറിയപ്പെട്ടത്. എന്നാൽ, വൻ വിജയമാണ് ബിജെപി സ്ഥാനാർഥി നേടിയത്. ബിജെപിയുടെ തഫജ്ജൽ ഹുസൈൻ 30,237 വോട്ടുകൾക്കാണ് വിജയിച്ചത്. ഹുസൈന് 34,146 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഎമ്മിലെ മിസാൻ ഹുസൈന് 3,909 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
Read More... യുപിയിൽ അഭിമാന പോരാട്ടത്തിൽ കാലിടറി ബിജെപി, 'ഇന്ത്യ' സഖ്യത്തിന് വൻ വിജയം നൽകി എസ് പി, ലോക്സഭയിൽ പ്രതീക്ഷ
ആദിവാസി ജനസംഖ്യയുള്ള ധൻപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് 18,871 വോട്ടുകൾക്കാണ് വിജയിച്ചത്. ബംഗാളിലും സിപിഎം കനത്ത തോൽവി ഏറ്റുവാങ്ങി. ധൂപ്ഗിരിയിൽ തൃണമൂൽ സ്ഥാനാർഥി 4000 വോട്ടുകൾക്ക് ജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. സിപിഎമ്മിന്റെ ഈശ്വർ ചന്ദ്രറോയിക്ക് 8229 വോട്ടുകൾ മാത്രമാണ് നേടിയത്. കേരളത്തിലെ പുതുപ്പള്ളിയിൽ നടന്ന തെരഞ്ഞെടുപ്പിലും സിപിഎമ്മിന് തോൽവിയായിരുന്നു ഫലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam